‘2014 മുതൽ 2026 വരെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ സുവർണ്ണ കാലഘട്ടം’; അക്രമങ്ങൾ 80 ശതമാനം കുറഞ്ഞുവെന്ന് അമിത് ഷാ
ന്യൂഡൽഹി: 2014 മുതൽ 2026 വരെയുള്ള കാലയളവ് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ ‘സുവർണ്ണ കാലഘട്ട’മാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി പോലീസിന്റെ 79ാമത് സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ് ബാധിത മേഖലകൾ എന്നിവിടങ്ങളിലെ അക്രമസംഭവങ്ങളിൽ 80 ശതമാനം കുറവുണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു.
നഗര സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 857 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ‘സേഫ് സിറ്റി’ പദ്ധതിയുടെ ഒന്നാം ഘട്ടം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ഡൽഹിയിലുടനീളം 10,000 ക്യാമറകൾ സ്ഥാപിക്കും. കൂടാതെ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി 368 കോടി രൂപ ചെലവിൽ നിർമ്മിച്ച സ്‌പെഷ്യൽ സെൽ ആസ്ഥാനവും അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു.
ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾക്ക് പകരം ഭാരതീയ ന്യായ സംഹിത (BNS) ഉൾപ്പെടെയുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ നീതിനിർവഹണം വേഗത്തിലാകുമെന്ന് ഷാ പറഞ്ഞു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ക്രിമിനൽ കേസുകളിലെ ശിക്ഷാ നിരക്ക് 80 ശതമാനമായി ഉയരും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടികൾ ഉറപ്പാക്കുന്ന പ്രത്യേക അധ്യായങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് മുക്ത ഭാരതം, സൈബർ ഭീകരത ഇല്ലാതാക്കൽ എന്നിവയാണ് സേനയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങളെന്ന് ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ചയും വ്യക്തമാക്കി.