ഇരട്ട പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം
രാഹുല്‍ ഗാന്ധി
ഡൽഹി: ഇരട്ട പൗരത്വ വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അലഹബാദ് ഹൈക്കോടതി നിർദേശം നൽകി. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ വിഷയം അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. കർണാടക സ്വദേശിയായ എസ്. വിഘ്നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിത (BNS), ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
നേരത്തെ ലഖ്നൗവിലെ പ്രത്യേക കോടതി ഈ പരാതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബിജെപി പ്രവർത്തകൻ കൂടിയായ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം റായ്ബറേലിയിലെ പ്രത്യേക കോടതിയിൽ ഫയൽ ചെയ്ത പരാതി, 2025 ഡിസംബർ 17-ന് അലഹബാദ് ഹൈക്കോടതി ലഖ്നൗവിലേക്ക് മാറ്റിയിരുന്നു. ലഖ്നൗ കോടതി ഹർജി തള്ളിയതോടെയാണ് വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം ഉയർത്തിയാണ് ഹർജിക്കാരൻ നിയമപോരാട്ടം തുടരുന്നത്.