02/06/2026
[fontresizer_tawhidurrahmandear_widget]

‘ഈ പരിശോധന ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍കും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്; ഇതുകൊണ്ടൊന്നും തളർത്തി കളയാമെന്ന് കരുതേണ്ട’ -പിണറായി വിജയൻ

 ‘ഈ പരിശോധന ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍കും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്; ഇതുകൊണ്ടൊന്നും തളർത്തി കളയാമെന്ന് കരുതേണ്ട’ -പിണറായി വിജയൻ

കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കാലങ്ങളായി തന്റെ വീട്ടിൽ കയറിയുള്ള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുള്ള പാർട്ടിക്കാർക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന സ്വാർത്ഥ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും എന്നാൽ ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഇ ഡി പരിശോധന പൂർത്തിയായതിന് ശേഷം വീടിന് പുറത്തെത്തി തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും അറിയാവുന്നതുപോലെ ഇന്ന് കാലത്ത് ഏഴുമണിക്കാണ് ഈ വാതിൽക്കൽ ഇ ഡി ടീം എത്തുന്നത്. ഈ സമയം വരെ അവര് പരിശോധനയിലായിരുന്നു. വന്ന ടീം നിർദേശം അനുസരിച്ച് വരുന്നതാണല്ലോ. ഉദ്യോഗസ്ഥരാകുമ്പോൾ മേലെ ഉള്ളവര് പറയുന്നത് അനുസരിക്കാൻ അവര് ബാധ്യസ്ഥരാണ്. വീട്ടിൽ കയറിയുള്ള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഈ പരിശോധന ചിലർക്കെല്ലാം വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ച ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് ബിജെപി എല്ലാ കാലത്തും തുടർന്ന് വരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി തന്നെ ഉയർന്നുവന്നിട്ടുണ്ട്.

പക്ഷെ തങ്ങളുടെ പാർട്ടിക്കാരല്ലാത്തവർക്കുനേരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഏതായാലും ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായേ ഞങ്ങൾ കാണുന്നുള്ളു. ഇതുകൊണ്ട് ഞങ്ങളെ തളർത്തിക്കളയാം എന്ന് വ്യാമോഹിക്കേണ്ടതില്ല. ഇവിടെ പ്രകടമായത് നമ്മുടെ നാടിന്റെ വികാരവും പാർട്ടി സഖാക്കളുടെ വികാരവും എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയുമാണ്. പാർട്ടി ശത്രുക്കൾ കൊത്തിവലിക്കാനൊരുങ്ങിയ എല്ലാ ഘട്ടത്തിലും ലഭ്യമായിട്ടുള്ളത്. ആ പിന്തുണയ്ക്ക് ഒരു കുറവും ചാഞ്ചല്യവുമില്ല എന്ന് സഖാക്കൾ ഇന്ന് വീണ്ടും വ്യക്തമാക്കി. എല്ലാവരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ഏതിനെയും നേരിടാൻ, ഇതാണ് നമ്മുടെ കരുത്ത്. ഒന്നിച്ചു നമുക്ക് ഇറങ്ങാം എന്ന് പിണറായി വിജയൻ വ്യക്തമാക്കി.

Also read: