02/06/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജന്റുമാർക്കൊപ്പം’; സിബിഎസ്ഇ വിവാദത്തിൽ വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് രാഹുലിന്റെ പരിഹാസം

 ‘എന്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജന്റുമാർക്കൊപ്പം’; സിബിഎസ്ഇ വിവാദത്തിൽ വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് രാഹുലിന്റെ പരിഹാസം

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിലെ ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മൂല്യനിർണയത്തിലെ അപാകതകൾ ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ഓൺലൈനിൽ “ദേശവിരുദ്ധർ” എന്നും “ഡീപ് സ്റ്റേറ്റ് ഏജന്റുമാർ” എന്നും മുദ്രകുത്തിയതിനെ അദ്ദേഹം ശക്തമായി അപലപിച്ചു.

വിവാദത്തിന് കാരണക്കാരായ വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് “എൻ്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജൻ്റുമാരുമായി നടത്തിയ കണ്ണുതുറപ്പിക്കുന്ന ചാറ്റ്” എന്ന പരിഹാസ രൂപേണയുള്ള അടിക്കുറിപ്പാണ് രാഹുൽ നൽകിയിരിക്കുന്നത്. തൻ്റെ ഫിസിക്സ് ഉത്തരക്കടലാസ് മാറിയെന്ന് സോഷ്യൽ മീഡിയയിലൂടെ ആദ്യം വെളിപ്പെടുത്തിയ വേദാന്ത് എന്ന വിദ്യാർത്ഥിയും സുഹൃത്തുക്കളും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ലളിതമായ ചോദ്യങ്ങൾ ചോദിച്ച മിടുക്കരായ കുട്ടികൾക്ക് ഉത്തരങ്ങൾക്ക് പകരം അപമാനമാണ് ലഭിച്ചതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പാവപ്പെട്ട കുട്ടികളെ തീവ്രവാദികളെന്നും ചാരന്മാരെന്നും വിളിച്ച് കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു. വിവാദത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിറ്റൽ മൂല്യനിർണയ കരാർ നൽകിയ ‘കോംപ്റ്റ് എഡ്യൂ ടെക്’ എന്ന കമ്പനിക്കെതിരെയും രാഹുൽ ഗാന്ധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. 2019-ൽ തെലങ്കാനയിൽ വലിയ പരീക്ഷാ പരാജയങ്ങൾക്ക് കാരണമായ ‘ഗ്ലോബറീന’ എന്ന കമ്പനി തന്നെയാണ് പേരുമാറ്റി ഇപ്പോൾ സിബിഎസ്ഇ കരാർ കൈക്കലാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഏത് നിയമങ്ങൾ മറികടന്നാണ് ഈ കമ്പനിക്ക് കരാർ നൽകിയതെന്നും മോദി സർക്കാരുമായി ഇതിനുള്ള ബന്ധമെന്തെന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ ഈ ആരോപണങ്ങൾ സിബിഎസ്ഇ പൂർണമായി നിഷേധിച്ചു. 2026-ലെ ബോർഡ് പരീക്ഷകളുടെ ഡിജിറ്റൽ മൂല്യനിർണയത്തിനായി പൊതു സാമ്പത്തിക നിയമങ്ങൾ പാലിച്ചും, സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടൽ വഴി സുതാര്യമായ ടെൻഡർ നടപടികളിലൂടെയുമാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റിന് കരാർ നൽകിയതെന്ന് ബോർഡ് വ്യക്തമാക്കി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സിബിഎസ്ഇ നിലവിൽ ഐഐടി കാൺപൂർ, ഐഐടി മദ്രാസ് എന്നിവയുടെ സഹായം തേടിയിട്ടുണ്ട്.

Also read: