27/03/2026
[fontresizer_tawhidurrahmandear_widget]

ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ല; ബിജെപി നേതാവ് അണ്ണാമലൈ മത്സരിക്കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

 ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ല; ബിജെപി നേതാവ് അണ്ണാമലൈ മത്സരിക്കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന മുൻ അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പാർട്ടി നേതൃത്വത്തിന് കത്തയച്ചു. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ സഖ്യകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്.

അണ്ണാമലൈ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ഗൗണ്ടംപാളയം, സിംഗനല്ലൂർ, അറവാക്കുറിച്ചി എന്നീ സീറ്റുകൾ ഇത്തവണ അണ്ണാഡിഎംകെയാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ, ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ വെറും ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ എന്നിവർ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകളും ഇത്തവണ അണ്ണാഡിഎംകെ സ്വന്തമാക്കി.

തെരഞ്ഞെടുപ്പ് ചൂടിനിടയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെതിരെയുള്ള ഇഡി അന്വേഷണത്തിനായി ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ തിരുനെൽവേലി എക്‌സ്പ്രസിൽ നിന്ന് നാല് കോടി രൂപ പിടിച്ചെടുത്ത കേസിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഹരജി ഉടൻ കോടതി പരിഗണിക്കും.

മറുഭാഗത്ത്, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ സഖ്യം പ്രചാരണത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ 2-ന് തിരുവാരൂരിൽ അദ്ദേഹം പ്രചാരണം ആരംഭിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ 6-ന് നാമനിർദേശ പത്രിക നൽകുന്ന അദ്ദേഹം, ഏപ്രിൽ 21-ന് കൊളത്തൂരിൽ പരസ്യപ്രചാരണം അവസാനിപ്പിക്കും. അതേസമയം, പുതുച്ചേരിയിൽ അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസ്-ഡിഎംകെ സൗഹൃദമത്സരം ഉറപ്പായിട്ടുണ്ട്.

Also read: