19/07/2026
[fontresizer_tawhidurrahmandear_widget]

‘മാതാപിതാക്കളാണ് എൻ്റെ ഏറ്റവും വലിയ കമ്പനി’; 2.9 കോടിയുടെ ഓഫർ നിരസിച്ച ഐഐടിക്കാരനെ തേടി വർഷങ്ങൾക്ക് ശേഷം അതേ കമ്പനിയെത്തി

 ‘മാതാപിതാക്കളാണ് എൻ്റെ ഏറ്റവും വലിയ കമ്പനി’; 2.9 കോടിയുടെ ഓഫർ നിരസിച്ച ഐഐടിക്കാരനെ തേടി വർഷങ്ങൾക്ക് ശേഷം അതേ കമ്പനിയെത്തി

മുംബൈ: വിദേശത്തെ ഉയർന്ന ശമ്പളവും ആഡംബര ജീവിതവും സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മാതൃകയായി ഒരു ഐഐടി ബിരുദധാരിയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മാതാപിതാക്കളെ പരിചരിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിൽ നിന്നുള്ള 2.9 കോടി രൂപയുടെ ($240,000) വാർഷിക ഓഫർ നിരസിച്ച ഐഐടി ബോംബെ കമ്പ്യൂട്ടർ സയൻസ് സ്വർണ മെഡൽ ജേതാവ് വിവേക് ശർമ്മയുടെ തീരുമാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കാൺപൂരിലെ ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽ ജനിച്ച വിവേകിൻ്റെ പഠനത്തിനായി റെയിൽവേ ക്ലർക്കായ പിതാവും ട്യൂഷൻ എടുത്തിരുന്ന അമ്മയും തങ്ങളുടെ സമ്പാദ്യവും ആഭരണങ്ങളും വരെ വിറ്റിരുന്നു. മാതാപിതാക്കളുടെ ത്യാഗത്തിന് ഫലമായി ഐഐടി ബോംബെയിൽ നിന്ന് സ്വർണ മെഡലോടെ പാസായ വിവേകിന് വിസ സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള സ്വപ്ന ഓഫറാണ് യുഎസിൽ നിന്നും ലഭിച്ചത്.

എന്നാൽ, യാത്രയ്ക്ക് തൊട്ടുമുമ്പ് പിതാവിന് ഹൃദയാഘാതം ഉണ്ടാകുകയും അമ്മയ്ക്ക് സ്തനാർബുദം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആഗോള കരിയർ ഉപേക്ഷിച്ച് മാതാപിതാക്കളുടെ കൂടെ നിൽക്കാൻ വിവേക് തീരുമാനിക്കുകയായിരുന്നു. വിസ അഭിമുഖം റദ്ദാക്കിയ അദ്ദേഹം കാൺപൂരിൽ ഒരു പ്രാദേശിക സോഫ്റ്റ്‌വെയർ ജോലിയിൽ പ്രവേശിച്ചു. തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വീടിനോട് ചേർന്ന് ‘ശർമ്മ ജനറൽ സ്റ്റോർ’ എന്നൊരു പലചരക്ക് കടയും ആരംഭിച്ചു.

പലരും ഈ തീരുമാനത്തെ ചോദ്യം ചെയ്തെങ്കിലും, “എൻ്റെ മാതാപിതാക്കളാണ് എൻ്റെ ഏറ്റവും വലിയ കമ്പനി” എന്ന നിലപാടിലായിരുന്നു വിവേക്. പലചരക്ക് കട നടത്തുന്നതിനൊപ്പം പാവപ്പെട്ട കുട്ടികൾക്ക് കോഡിങ് പഠിപ്പിക്കാനും രാത്രിയിൽ ഫ്രീലാൻസ് ജോലികൾ ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. ക്രമേണ മാതാപിതാക്കളുടെ ആരോഗ്യം വീണ്ടെടുക്കാനും സാധിച്ചു.

വർഷങ്ങൾക്ക് ശേഷം വിവേകിന്റെ കഥയറിഞ്ഞ അതേ അന്താരാഷ്ട്ര കമ്പനി മറ്റൊരു ഓഫറുമായി അദ്ദേഹത്തെ സമീപിച്ചു. ഇത്തവണ രാജ്യം വിട്ടുപോകാതെ, സ്വന്തം നാട്ടിലിരുന്ന് വിദൂരമായി തങ്ങളുടെ വിദ്യാഭ്യാസ പ്രോജക്ടിൽ പങ്കാളിയാകാനുള്ള അവസരമാണ് കമ്പനി നൽകിയിരിക്കുന്നത്. വിജയത്തിൻ്റെയും കരിയറിൻ്റെയും യഥാർത്ഥ നിർവചനം എന്താണെന്ന് ഓർമ്മിപ്പിക്കുന്ന വിവേകിൻ്റെ ജീവിതയാത്ര ഓൺലൈൻ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Also read: