ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്കത്ത് : ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചരക്ക് കപ്പൽ കടലിൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബുധനാഴ്ച പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം. സോമാലിയയിൽ നിന്ന് കന്നുകാലികളുമായി ഷാർജയിലേക്ക് പോവുകയായിരുന്നു കപ്പൽ. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ വൻ തീപിടുത്തമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെട്ട് കപ്പൽ കടലിൽ മുങ്ങുകയുമായിരുന്നു.
അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന നാവികർ ഉടൻ തന്നെ അപായ സൂചന നൽകുകയും ലൈഫ് ബോട്ടുകളിലേക്ക് മാറുകയും ചെയ്തു. തുടർന്ന് ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ഇവരെ സുരക്ഷിതമായി ദീബ തുറമുഖത്ത് എത്തിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും വാണിജ്യ കപ്പലുകളെയും നാവികരെയും ലക്ഷ്യം വയ്ക്കുന്നത് അപലപനീയമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം അന്താരാഷ്ട്ര സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ച് ആശങ്ക വർധിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.