മലങ്കര സഭ ഭിന്നിക്കരുതെന്ന് മോദി; സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
തിരുവനന്തപുരം: മലങ്കര സഭയിലെ ഭിന്നതകൾ അവസാനിപ്പിച്ചു ഒന്നിച്ചു മുന്നോട്ട് പോകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. ഡൽഹിയിൽ നടന്ന ചർച്ചകൾ ശുഭസൂചനയാണെന്ന് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു. സഭ ഒന്നായി നിൽക്കണമെന്നത് തന്നെയാണ് തങ്ങളുടെയും നിലപാടെന്നും ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭാതർക്കവുമായി ബന്ധപ്പെട്ട 1958, 1995, 2017 വർഷങ്ങളിലെ സുപ്രീം കോടതി വിധികൾ സഭയുടെ ഐക്യത്തെയാണ് ശരിവെക്കുന്നത്. പൗരാണിക പാരമ്പര്യമുള്ള ഭാരതീയ സഭ എന്ന നിലയിൽ സഭയെ വിഭജിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി യോജിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യവും സഭയുടെ സ്വത്വവും മനസ്സിലാക്കിയാൽ സമാധാനത്തിന് വേണ്ടി മറ്റെവിടെയും പോകേണ്ടതില്ലെന്നും സഭാ അധ്യക്ഷൻ വ്യക്തമാക്കി.
കഴിഞ്ഞദിവസം യാക്കോബായ സഭാ പ്രതിനിധികളുമായും മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സഭകൾക്കിടയിലെ ഐക്യം വിശ്വാസികളുടെ പുരോഗതിക്ക് അനിവാര്യമാണെന്നും തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്താമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.