ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം പത്തനാപുരം കലഞ്ഞൂർ സ്വദേശിനി ഷീബ (42), മലപ്പുറം നിലമ്പൂർ മണ്ണത്തിപോയിൽ സ്വദേശിയും ഉംറ ഗ്രൂപ്പ് അമീറുമായ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് മരിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം മക്ക റോഡിലെ മഹ്ലൂമിയയിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
ഹോത്ത ബനീ തമീമിൽ നിന്ന് ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. യാത്രാമധ്യേ ബസിന്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ യാത്ര തുടരുന്നതിനിടെ ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട വാഹനം എതിർദിശയിലെ റോഡിലേക്ക് മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുകൾഭാഗം തകരുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു.
അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയവരെ ആദ്യം പുറത്തെത്തിയ യാത്രക്കാരും പിന്നീട് സ്ഥലത്തെത്തിയ പൊലീസും റെഡ് ക്രസന്റും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ 18 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ എട്ടുപേർ മലയാളികളാണ്. ഗുരുതരമായി പരിക്കേറ്റ വയനാട് വെള്ളമുണ്ട സ്വദേശി ഹാരിസിനെ ത്വാഇഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഷീബയുടെ ഭർത്താവ് മജീദിനും മക്കളായ നീന, ഫാത്തിമ, മുസ്തഫ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
മരിച്ച ഇസ്മാഈൽ നിസാമി സമസ്ത ഇസ്ലാമിക് സെന്റർ പ്രവർത്തകനാണ്. മൃതദേഹങ്ങൾ അഫീഫ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തായിഫ്, അഫീഫ്, റിയാദ് എന്നിവിടങ്ങളിലെ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ തുടർനടപടികൾക്കായി രംഗത്തുണ്ട്.