03/06/2026
[fontresizer_tawhidurrahmandear_widget]

‘ബഷീറിന്റെ കൊലയാളിക്കൊപ്പം ഇരിക്കില്ല’; ടി. സിദ്ദീഖിനൊ​പ്പം വാർത്തസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ, മാധ്യമ​പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ ഇറങ്ങിപ്പോയി

 ‘ബഷീറിന്റെ കൊലയാളിക്കൊപ്പം ഇരിക്കില്ല’; ടി. സിദ്ദീഖിനൊ​പ്പം വാർത്തസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ, മാധ്യമ​പ്രവർത്തകരുടെ പ്രതിഷേധത്തിനൊടുവിൽ ഇറങ്ങിപ്പോയി

തിരുവനന്തപുരം: കൃഷിമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കനത്ത പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വാർത്താസമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന കടുത്ത നിലപാട് മാധ്യമപ്രവർത്തകർ സ്വീകരിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധത്തിന് വഴങ്ങി ശ്രീറാം വെങ്കിട്ടരാമൻ ഹാളിന് പുറത്തേക്ക് ഇറങ്ങിപ്പോയി. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായ ശ്രീറാം, നിയമസഭയിലെ മീഡിയ റൂമിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം എത്തിയത്.

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു സിറാജ് ദിനപത്രത്തിന്റെ മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണം. 2019 ഓഗസ്റ്റ‌് 3ന് പുലർച്ചെയായിരുന്നു ശ്രീറാം സഞ്ചരിച്ചിരുന്ന കാറിടിച്ച്, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം തിരൂർ സ്വദേശി ബഷീർ മരണപ്പെട്ടത്. തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിന് മുൻപിലായിരുന്നു ഈ ദാരുണ അപകടം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ കാർ ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ശക്തമായി ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.

ശ്രീറാം അടക്കം കാറിലുണ്ടായിരുന്നവർ അപകടസമയത്ത് മദ്യപിച്ചിരുന്നതായി സാക്ഷിമൊഴികളുണ്ടായിരുന്നു. എന്നാൽ തുടക്കത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്ന വലിയ ആക്ഷേപം ഉയർന്നു. അപകടം നടന്ന് 24 മണിക്കൂർ കഴിയുന്നതുവരെ ശ്രീറാമിന്റെ രക്തസാംപിൾ ശേഖരിക്കാതിരുന്നതും കടുത്ത ജനരോഷത്തിന് കാരണമായി. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടർ വാഹന നിയമം 184 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. നിലവിൽ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് പ്രതിപട്ടികയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി നേരത്തെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

Also read: