‘വാട്സ്ആപ്പ് ഫോർവേഡുകൾ വച്ച് സിനിമ എടുക്കാൻ പറ്റില്ല; ആഴത്തിലുള്ള ഗവേഷണം വേണം’-‘കേരള സ്റ്റോറി 2’നെതിരെ ആദ്യ ഭാഗത്തിന്റെ സംവിധായകൻ സുദിപ്തോ സെൻ | Kerala Story 2 Row
‘കേരള സ്റ്റോറി 2’ പോസ്റ്റര്‍, സുദിപ്തോ സെന്‍
മുംബൈ: ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ റിലീസിനൊരുങ്ങവെ, ചിത്രത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ സുദീപ്‌തോ സെൻ. കൃത്യമായ ഗവേഷണമില്ലാതെ സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാട്‌സ്ആപ്പ് സന്ദേശങ്ങളെ മാത്രം ആധാരമാക്കി സിനിമ ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Kerala Story 2 Row)
‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ സുദീപ്‌തോ സെൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ”ആദ്യ ഭാഗത്തിനായി 10 വർഷത്തോളം ഞാൻ ഗവേഷണം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ആ സിനിമയിലെ ഓരോ ദൃശ്യത്തിനും സംഭാഷണത്തിനും എനിക്ക് ഉറപ്പുനൽകാൻ സാധിക്കും. രണ്ടാം ഭാഗം കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും കഥ വ്യാപിപ്പിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വെറും വാട്‌സ്ആപ്പ് സന്ദേശങ്ങളെയോ പത്രവാർത്തകളെയോ മാത്രം ആശ്രയിച്ച് സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആഴത്തിലുള്ള പഠനമില്ലാതെ ഇത്തരം ഗൗരവകരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്.”-അദ്ദേഹം വിമർശിച്ചു.
വിപുൽ അമൃത്ലാൽ ഷാ നിർമ്മിക്കുന്ന രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായണ സിങ്ങാണ്. ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
അതിനിടെ, ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനമാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മതപരിവർത്തനത്തിന് ഇരയായവരെന്ന പേരിൽ അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പരിചയപ്പെടുത്തിയ പെൺകുട്ടികളിൽ ഒരാൾ പോലും കേരളത്തിൽനിന്നുള്ളവരല്ല എന്നതാണ് ഏറെ വിചിത്രകരം. ചിത്രത്തിന്റെ നിർമാതാവ് വിപുൽ അമൃത്ലാൽ ഷാ, സംവിധായകൻ കാമാഖ്യ നാരായണ സിങ് എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ മൂന്ന് പെൺകുട്ടികളെയാണ് ഇരകളെന്ന പേരിൽ ഹാജരാക്കിയത്. പ്രണയവും സൗഹൃദവും നടിച്ച് തങ്ങളെ മതം മാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു ഇവരുടെ വാദം.
എന്നാൽ, ഇവരാരും മലയാളികളല്ലെന്നും ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നും വ്യക്തമായതോടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഉയർന്നു. ഇതോടെ അണിയറ പ്രവർത്തകർ സ്ഥലം കാലിയാക്കുകയായിരുന്നു. ‘ഇരകളെ’ മാധ്യമങ്ങളുമായി സംസാരിക്കാനും അനുവദിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എത്തിയവരിൽ എല്ലാവരും ഉത്തരേന്ത്യയിൽനിന്നുള്ളവരായിരുന്നു. കേരളത്തെ കുറിച്ചുള്ളതല്ല കഥയെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ നിർമാതാവ് വ്യക്തമാക്കിയത്.