കുഞ്ഞിന്റെ ജനനാഘോഷത്തിനിടെ വെടിയേറ്റ് യുവതി മരിച്ചു; മൃതദേഹം ഫ്രീസറിലാക്കി ഒളിപ്പിക്കാൻ ശ്രമിച്ച ഭർത്താവും സഹോദരനും ഒളിവിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ആഘോഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവതി മരിച്ച സംഭവം മറച്ചുവെക്കാൻ ശ്രമം. 32-കാരിയായ ജ്യോതി കുഷ്വാഹയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച തതിപൂർ തൃപ്തി നഗറിലാണ് സംഭവം. പോലീസിനെ അറിയിക്കാതെ മൃതദേഹം ഡീപ് ഫ്രീസറിൽ ഒളിപ്പിക്കുകയും, രഹസ്യമായി സംസ്കരിക്കാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവ് മനോജ് കുഷ്വാഹ, സഹോദരൻ യോഗേഷ് കുഷ്വാഹ എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
മനോജിന്റെ നവജാത മകന്റെ ‘ഛത്തി’ ‘ (ആറാം ദിവസം) ജന്മദിനാഘോഷ ചടങ്ങുകൾക്കിടയിലാണ് ദുരന്തമുണ്ടായത്. ആഘോഷത്തിനിടെ മനോജിന്റെ ഇളയ സഹോദരൻ യോഗേഷ് അനധികൃത നാടൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ആയുധം പലതവണ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രിഗർ പൊട്ടുകയും, വെടിയുണ്ട സമീപത്ത് ഇരിക്കുകയായിരുന്ന ജ്യോതിയുടെ തലയിൽ തറക്കുകയുമായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
വിവരം പുറത്തറിയാതിരിക്കാൻ പ്രതികൾ ഉടൻ തന്നെ മൃതദേഹം വലിയൊരു ഡീപ് ഫ്രീസറിലേക്ക് മാറ്റി. ജ്യോതി അസുഖം മൂലമാണ് മരിച്ചതെന്ന് അയൽവാസികളോട് പറഞ്ഞ ശേഷം രാത്രി 11 മണിയോടെ രഹസ്യമായി സംസ്കാരം നടത്താൻ ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ, അസമയത്ത് വീട്ടിലേക്ക് ഡീപ് ഫ്രീസർ എത്തിച്ചതിലും ശവസംസ്കാര നീക്കങ്ങളിലും സംശയം തോന്നിയ ഒരു പ്രദേശവാസി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തിയതോടെ പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വീടിനുള്ളിൽ നിന്ന് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന് ഉപയോഗിച്ച നാടൻ പിസ്റ്റളിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് ജയരാജ് കുബേർ അറിയിച്ചു.