‘ആ സ്വര്‍ണം ഗസ്സയ്ക്ക് നല്‍കും’; പ്രഖ്യാപനവുമായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ
ബൊഗോട്ട: വീണ്ടും ഗസ്സയെ ചേര്‍ത്തുപിടിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. മയക്കുമരുന്ന് സംഘങ്ങളില്‍നി്ന്നു പിടിച്ചെടുത്ത സ്വര്‍ണം ഗസ്സയിലെ പുനര്‍നിര്‍മാണത്തിനും പരിക്കേറ്റ ഫലസ്തീന്‍ കുട്ടികളുടെ ചികിത്സയ്ക്കുമായി ഉപയോഗിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. എക്‌സ് ഹാന്‍ഡിലിലൂടെയാണ് പെട്രോ ഇക്കാര്യം അറിയിച്ചത്.
‘മയക്കുമരുന്ന് ശൃംഖലകളില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം ഗസ്സയില്‍ പരിക്കേറ്റ കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ഞാന്‍ നാഷണല്‍ ഏജന്‍സി ഫോര്‍ അസറ്റ് മാനേജ്‌മെന്റിനോട് ഉത്തരവിട്ടിട്ടുണ്ട്’-പെട്രോ അറിയിച്ചു. ഗസ്സയുടെ പുനര്‍നിര്‍മാണത്തിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി ഒരു അന്താരാഷ്ട്ര സേന രൂപീകരിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ ഒരു പ്രമേയം സമര്‍പ്പിക്കാനും കൊളംബിയ തീരുമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
കൊളംബിയന്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഏജന്‍സി ഫോര്‍ അസറ്റ് മാനേജ്‌മെന്റ് (എസ്എഇ) പ്രസിഡന്റിന്റെ നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നിയമപരവും സാങ്കേതികവുമായ നടപടികള്‍ പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊളംബിയയുടെ മാനുഷികവും അന്താരാഷ്ട്രപരവുമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് പ്രസിഡന്റിന്റെ പ്രഖ്യാപനമെന്ന് ഏജന്‍സി അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് 70 ബില്യണ്‍ യുഎസ് ഡോളറിലധികം ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളര്‍ ആവശ്യമാണ്. അമേരിക്കയും അറബ് രാജ്യങ്ങളും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ഫലസ്തീന്‍-ഇസ്രയേല്‍ ബന്ദികളുടെ മോചനം ഏറെക്കുറെ പൂര്‍ത്തിയാട്ടുണ്ട്. കരാര്‍ പ്രകാരം ഗസ്സയുടെ പുനര്‍നിര്‍മാണ പ്രവൃത്തികളും ഉടന്‍ ആരംഭിക്കും.
ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിനുശേഷം, ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ പിന്തുണ നല്‍കുന്ന ലാറ്റിനമേരിക്കന്‍ നേതാക്കളില്‍ ഒരാളാണ് പെട്രോ. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട് കൊളംബിയ.