27/01/2026

ബിഹാറില്‍ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി; ജെഡിയു മുന്‍ എംപിയും മുന്‍ എംഎല്‍എയും ആര്‍ജെഡിയില്‍

 ബിഹാറില്‍ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി; ജെഡിയു മുന്‍ എംപിയും മുന്‍ എംഎല്‍എയും ആര്‍ജെഡിയില്‍

പട്ന: ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി പരത്തി ജെഡിയു നേതാക്കളുടെ കൂട്ടരാജി. മുന്‍ എംപിയും മുന്‍ എംഎല്‍എയും അടക്കം അഞ്ച് പ്രമുഖ നേതാക്കളാണ് രാഷ്ട്രീയ ജനതാദളില്‍(ആര്‍ജെഡി) ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെയാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍നിന്നു നേതാക്കളുടെ കൂടുമാറ്റമെന്നത് ഭരണകക്ഷിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ജെഡിയു മുന്‍ എംപി സന്തോഷ് കുശ്‌വാഹ, മുന്‍ എംഎല്‍എ രാഹുല്‍ ശര്‍മ, ജെഡിയു ബങ്ക എംപി ഗിരിധരി പ്രസാദ് യാദവിന്റെ മകന്‍ ചാണക്യ പ്രസാദ് തുടങ്ങിയവരാണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. ഇവര്‍ക്കു പുറമെ ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവ് അജയ് കുശ്‌വാഹയും ആര്‍ജെഡിയിലേക്കു ചേക്കേറിയിട്ടുണ്ട്. പാര്‍ട്ടി നേതാവ് തേജസ്വി യാദവ് ആണ് ഇവര്‍ക്കെല്ലാം ആര്‍ജെഡി അംഗത്വം നല്‍കിയത്. നേതാക്കളുടെ വരവ് പാര്‍ട്ടിയെയും മഹാസഖ്യത്തെയും ശക്തിപ്പെടുത്തുമെന്ന് തേജസ്വി പറഞ്ഞു.

നേതാക്കളുടെ കൊഴിഞ്ഞുപോക്ക് എന്‍ഡിഎ മുന്നണിയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് പ്രധാന നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ സീറ്റുവിഭജനം ഏറക്കുറെ പൂര്‍ത്തിയായെന്നും പ്രഖ്യാപനം ഉടനുണ്ടാവുമെന്നുമാണ് നേതാക്കള്‍ അറിയിക്കുന്നത്.

Also read: