‘അമിത് ഷായുടെ ഭീഷണിയില്‍ ഞാന്‍ പേടിക്കില്ല, ഞാന്‍ അദ്വാനിയെ അറസ്റ്റ് ചെയ്ത ലാലുവിന്റെ മകനാണ്-തേജസ്വി യാദവ്
കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘എന്റെ അച്ഛന്‍ അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ എങ്ങനെ ഭയപ്പെടും?’- തേജസ്വി ചോദിച്ചു. രാമക്ഷേത്ര പ്രക്ഷോഭത്തിനിടെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ അറസ്റ്റ് ചെയ്തയാളാണ് തന്റെ പിതാവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആര്‍എസ്എസിനും സംഘ്പരിവാറിനുമെതിരെ അദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയ പോരാട്ടമല്ല ഇത്. വര്‍ഷങ്ങളായി ഈ പോരാട്ടം തുടങ്ങിയിട്ടെന്നും തേജസ്വി ചൂണ്ടിക്കാട്ടി.
‘ഞാന്‍ ലാലുവിന്റെ മകനാണ്. അമിത് ഷായുടെ ഭീഷണികളെ പേടിച്ച് ഓടുന്നവനല്ല,’ തേജസ്വി കൂട്ടിച്ചേര്‍ത്തു. അമിത് ഷാ ബിഹാറില്‍ വന്ന് ‘ഒരിക്കലും വെറുതെ വിടില്ല’ എന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും എന്നാല്‍ ബിജെപിയോടും ആര്‍എസ്എസിനോടും തന്റെ പിതാവ് വളരെക്കാലമായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ബിഹാര്‍ സന്ദര്‍ശനത്തെയും തേജസ്വി വിമര്‍ശിച്ചു. അദ്ദേഹം വരുമ്പോള്‍ തന്നെയും ലാലുവിനെയും ശപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ വീണ്ടും കേസുകളും മറ്റും ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.