31/03/2026
[fontresizer_tawhidurrahmandear_widget]

സെഞ്ച്വറിയുമായി തിളങ്ങി രോഹിത്, കോഹ്ലിക്ക് ഫിഫ്റ്റി; സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

 സെഞ്ച്വറിയുമായി തിളങ്ങി രോഹിത്, കോഹ്ലിക്ക് ഫിഫ്റ്റി; സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെ (74) പിന്തുണയോടെ രോഹിത് ശര്‍മ(121) നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചു. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയിച്ചത്. പെര്‍ത്തിലെയും അഡ്‌ലെയ്ഡിലെയും വിജയങ്ങളോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ 2-1ന് സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ 46.4 ഓവറില്‍ 236 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ഹര്‍ഷിത് റാണയുടെ (4/39) നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബൗളിങ് നിര, ഓസീസ് മധ്യനിരയെ തകര്‍ത്തു. ഓസീസ് നിരയില്‍ മാറ്റ് റെന്‍ഷോ (56), നായകന്‍ മിച്ചല്‍ മാര്‍ഷ്(41) എന്നിവരാണു ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടിയില്‍ തുടക്കത്തില്‍ തന്നെ നായകന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. എന്നാല്‍, പ്രതാഭകാലത്തെ അനുസ്മരിപ്പിക്കുന്ന മനോഹര കൂട്ടുകെട്ടുമായി രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അനായാസം വിജയം പിടിച്ചെടുത്തു. സെഞ്ച്വറി പ്രകടനവുമായി രോഹിത് ഇന്നിങ്‌സിന് അടിത്തറ നല്‍കിയപ്പോള്‍, കോഹ്‌ലി 74 റണ്‍സും സംഭാവന ചെയ്തു. ഇരുവരും ചേര്‍ന്ന ഇന്ത്യയ്ക്ക് ഏകപക്ഷീയ വിജയമാണു സമ്മാനിച്ചത്.

125 പന്ത് നേരിട്ടാണ് രോഹിത് 121 റണ്‍സെടുത്തത്. മൂന്ന് സിക്‌സറും 13 ബൗണ്ടറിയും ആ ഇന്നിങ്‌സിനു മിഴിവേകി. ആദ്യ രണ്ട് മത്സരങ്ങളില്‍ ഡക്കുമായി നിരാശപ്പെടുത്തിയ കോഹ്ലി ഇന്ന് സൂക്ഷിച്ച് കളിച്ചു മുന്നേറുകയായിരുന്നു. 81 പന്ത് നേരിട്ട് ഏഴ് ബൗണ്ടറി സഹിതമാണ് താരം 74 റണ്‍സ് കുറിച്ചത്.

Also read: