ബിജെപി നേതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ചുവന്നാല്‍ മരത്തില്‍ കെട്ടിയിട്ട് സ്വന്തം സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ പറയുക-അഭിഷേക് ബാനര്‍ജി
കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്രപരിശോധനയിലും(എസ്ഐആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലും(എന്‍ആര്‍സി) നിലപാട് കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എന്‍ആര്‍സിയുടെയും എസ്ഐആറിന്റെയും പേരില്‍ രേഖകള്‍ ചോദിച്ച് വരുന്ന ബിജെപി നേതാക്കളെ കൈകാര്യം ചെയ്യാന്‍ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആഹ്വാനം ചെയ്തു.
പാനിഹാട്ടിയില്‍ എസ്ഐആര്‍, എന്‍ആര്‍സി ഭയം കാരണം മധ്യവയസ്കന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത തവണ പ്രാദേശിക ബിജെപി നേതാക്കള്‍ നിങ്ങളുടെ അടുത്ത് വന്നാല്‍, അവരെ തടഞ്ഞ് അവരുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുക. അവരെ ഒരു മരത്തിലോ വിളക്കുകാലിലോ കെട്ടിയിടുക. അവരുടെ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും രേഖകള്‍ ഹാജരാക്കാതെ അവരെ വിട്ടയക്കരുത്. നമ്മള് അക്രമത്തില്‍ വിശ്വസിക്കുന്നില്ല, പക്ഷെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ അവരെ കെട്ടിയിടുക,’-തൃണമൂല്‍ നേതാവ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
പ്രദീപ് കറിന്റെ മരണത്തിന് ഉത്തരവാദികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറുമാണെന്ന് ആരോപിച്ച അഭിഷേക് ബാനര്‍ജി, ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എസ്ഐആര്‍, എന്‍ആര്‍സി എന്നിവയുടെ പേരില്‍ ബിജെപി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും വോട്ടര്‍ പട്ടികയില്‍നിന്ന് ഒരു യഥാര്‍ത്ഥ വോട്ടറെ പോലും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഭിഷേക് ബാനര്‍ജിയുടെ പ്രസ്താവനയെ ബിജെപി ശക്തമായി അപലപിച്ചു. എസ്ഐആര്‍ സാധാരണ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി മാത്രമാണെന്നും, ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ടിഎംസി ഉപയോഗിക്കുകയാണെന്നും ബിജെപി തിരിച്ചടിച്ചു.