‘6 മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നു, സർക്കാരിൻ്റെ നില ആശങ്കപ്പെടുത്തുന്ന സ്ഥിതിയിൽ’; മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന തർക്കത്തെ കുറിച്ച് സുപ്രിയ സുലെ
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി സൂചന. സഖ്യകക്ഷിയായ ശിവസേനയിലെ (ഷിൻഡെ പക്ഷം) ആറ് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് സർക്കാരിൻ്റെ സുസ്ഥിരതയെ ചോദ്യം ചെയ്തിരിക്കുകയാണ്. ശിവസേന നേതാക്കളെ ബി.ജെ.പി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ചാണ് മന്ത്രിമാർ യോഗം ബഹിഷ്കരിച്ചത്.
അതിനിടെ, പ്രതിപക്ഷ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) എം.പി സുപ്രിയ സുലെ വിഷയത്തിൽ പ്രതികരിച്ചു. “ഇതൊരു ആഭ്യന്തര സർക്കാർ വിഷയമാകും. എങ്കിലും ആറു മന്ത്രിമാർ കാബിനറ്റിൽ ഉണ്ടായിരുന്നിട്ടും യോഗത്തിൽ പങ്കെടുക്കുന്നില്ല എന്നത് ആശങ്കാജനകമാണ്… നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള സമയത്ത് മന്ത്രിമാർ വിട്ടുനിൽക്കുന്നു. അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നത് വ്യക്തമാണ്… മഹാരാഷ്ട്ര ഇതിൻ്റെ പേരിൽ ബുദ്ധിമുട്ടുകയാണ്, അത് സങ്കടകരമാണ്,” സുലെ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കാബിനറ്റ് യോഗത്തിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മാത്രമാണ് സ്വന്തം പാർട്ടിയിൽ നിന്ന് പങ്കെടുത്ത ഏക പ്രതിനിധി. മറ്റ് പ്രമുഖ ശിവസേന മന്ത്രിമാർ വിട്ടുനിന്നു. വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി തങ്ങളുടെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അടർത്തിയെടുക്കാൻ ശ്രമിക്കുന്നതിലെ അതൃപ്തിയാണ് കൂട്ട ഒഴിഞ്ഞുമാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബാവൻകുളെയുടെ നേതൃത്വത്തിൽ നടക്കുന്ന കൂറുമാറ്റം ശിവസേന അണികൾക്ക് വിശ്വാസവഞ്ചനയായി തോന്നിയെന്നും, ഇതേത്തുടർന്നാണ് പ്രതിഷേധ സൂചകമായി മന്ത്രിമാർ യോഗം ബഹിഷ്കരിച്ചതെന്നും ശിവസേന വൃത്തങ്ങൾ സൂചിപ്പിക്കുന്നു.