28/03/2026
[fontresizer_tawhidurrahmandear_widget]

ബിഹാര്‍ തെരഞ്ഞെടുപ്പ്: ‘ഉയര്‍ന്ന പോളിങ് ജംഗിള്‍ രാജിനേറ്റ 65 വോള്‍ട്ട് ഷോക്ക്’- പ്രധാനമന്ത്രി മോദി

 ബിഹാര്‍ തെരഞ്ഞെടുപ്പ്: ‘ഉയര്‍ന്ന പോളിങ്  ജംഗിള്‍ രാജിനേറ്റ 65 വോള്‍ട്ട് ഷോക്ക്’- പ്രധാനമന്ത്രി മോദി

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരെയുള്ള വിധിയെഴുത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉയര്‍ന്ന പോളിംഗ് ജംഗിള്‍ രാജിനേറ്റ ’65 വോള്‍ട്ട് ഷോക്കാ’ണെന്ന് മോദി പറഞ്ഞു. സിതാര്‍മറിയില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.

”ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍, ഫുട്ബോള്‍, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ നല്‍കുന്നു. എന്നാല്‍ ആര്‍ജെഡി ആകട്ടെ, ആളുകള്‍ക്ക് ‘കട്ട’ (തോക്കുകള്‍) നല്‍കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ബിഹാറിലെ ജനങ്ങള്‍ക്ക് ‘കട്ട സര്‍ക്കാര്‍’ ആവശ്യമില്ല.”-മോദി ആരോപിച്ചു.

ഇവിടുത്തെ ജനങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്. ബിഹാറില്‍ ജംഗിള്‍ രാജ്(അരാജക ഭരണകൂടം) കൊണ്ടുവന്ന ആളുകള്‍ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അവര്‍ പരസ്യമായി കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ജന്‍ സുരാജ് നേതാവ് പ്രശാന്ത് കിഷോര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ പരിഹസിക്കാനും മോദി മടിച്ചില്ല. ഒന്നാം ഘട്ടത്തിലെ റെക്കോര്‍ഡ് പോളിങ് ശതമാനം പോലെ തന്നെ ബിഹാറില്‍ തീര്‍ച്ചയായും മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ ആറിനു നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 65 ശതമാനം പോളിങ് ആണു രേഖപ്പെടുത്തിയത്. പോളിങ് നടന്ന 45,341 പോളിങ് സ്റ്റേഷനുകളില്‍ ഒരിടത്തും ക്രമക്കേട് നടന്നിട്ടില്ലെന്നും, റീപോളിങ് ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also read: