തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാനുള്ള രാജ്യാന്തര കൗണ്‍സില്‍ തലപ്പത്തേക്ക് ഗ്യാനേഷ് കുമാര്‍; ഇന്റര്‍നാഷണല്‍ ഐഡിഇഎ ചെയര്‍മാന്‍
ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ്(ഇന്റര്‍നാഷണല്‍ ഐഡിഇഎ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ഐഡിഇഎ കൗണ്‍സില്‍ ഓഫ് മെമ്പര്‍ സ്റ്റേറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ കൗണ്‍സിലിന്റെ കാലാവധി അവസാനിക്കുന്നതുവരെയാണ് അദ്ദേഹം ഈ പദവി വഹിക്കുക.
ലോകമെമ്പാടുമുള്ള ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇന്റര്‍നാഷണല്‍ ഐഡിഇഎ. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 35 രാജ്യങ്ങള്‍ അംഗങ്ങളാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെ കുറിച്ചും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ക്രമക്കേടുകളെ കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് ഇത്തരമൊരു അംഗീകാരം ഗ്യാനേഷ് കുമാറിനെ തേടിയെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഈ പദവി ഏറ്റെടുത്തതോടെ, ജനാധിപത്യപരമായ ഭരണനിര്‍വഹണം, തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ സുതാര്യത, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയില്‍ ഇന്ത്യ ലോകത്തിന് നല്‍കുന്ന പിന്തുണയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഗ്യാനേഷ് കുമാറിന് സാധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പരിഷ്‌കാരങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നതിനും ഇത് സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗ്യാനേഷ് കുമാറിനൊപ്പം മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഇന്റര്‍നാഷണല്‍ ഐഡിഇഎയുടെ വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുത്തുവരുന്നുണ്ട്. മറ്റ് രാജ്യങ്ങളുമായി ജനാധിപത്യപരമായ അനുഭവങ്ങളും മികച്ച സമ്പ്രദായങ്ങളും പങ്കുവെക്കുന്നതിനുള്ള സുപ്രധാന വേദിയായിരിക്കും ഈ പുതിയ ചുമതല. തെരഞ്ഞെടുപ്പ് മാനേജ്മെന്റിലെ ഇന്ത്യയുടെ വൈദഗ്ധ്യം ആഗോളതലത്തില്‍ പങ്കുവെക്കുന്നതില്‍ ഈ നിയമനം നിര്‍ണായകമാകും.