‘വന്ദേമാതര’ത്തിന്റെ 150-ാം വാര്‍ഷികം ആഘോഷമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ‘വന്ദേമാതര’ത്തിന് 150 വയസ്സ് തികയുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ‘വന്ദേമാതര’ത്തിനുള്ള പങ്ക് ഔദ്യോഗികമായി പൊതുജനസമക്ഷം അവതരിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്.
1875 നവംബര്‍ ഏഴിനാണ് ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ‘വന്ദേമാതരം’ രചിച്ചത്. 1882-ല്‍ അദ്ദേഹത്തിന്റെ വിഖ്യാത നോവലായ ‘ആനന്ദമഠ’ത്തിലൂടെയാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്.
ആഘോഷങ്ങള്‍ പ്രധാനമായും നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടം നവംബര്‍ ഏഴിന് ആരംഭിച്ച് നവംബര്‍ 14 വരെ തുടരും. രാജ്യത്തുടനീളമുള്ള 150 പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ‘വന്ദേമാതരം’ ഗാനം ഒരേസമയം ആലപിക്കും.
ഇന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നവംബര്‍ 26 വരെ രാജ്യവ്യാപകമായി നിരവധി സാംസ്‌കാരിക-വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും.