‘ഇത് തട്ടിപ്പല്ല, യാഥാര്‍ഥ്യം; പുതിയ കേരളത്തിന്റെ ഉദയം’-അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഐക്യ കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തില്‍, സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത കേരളമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായമാണ് ഇന്ന് പിറന്നിരിക്കുന്നത്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണ് ഈ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോല്‍പ്പിക്കാവുന്ന അവസ്ഥയാണ് അതിദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോല്‍പ്പിച്ചത്. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണെന്നും, ഫലപ്രദമായ ഇടപെടലുകള്‍ ഇനിയും തുടരണമെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതില്‍ സഹകരിച്ചു. ‘ഇത് തട്ടിപ്പല്ല, യാഥാര്‍ഥ്യമാണ്,’ എന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി, നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം ഇന്ന് കേള്‍ക്കേണ്ടി വന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ഭക്ഷണം, വീട്, സൗജന്യ ചികിത്സ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 64,006 കുടുംബങ്ങള്‍ക്ക് കൂടി സൗകര്യങ്ങള്‍ ഉറപ്പാക്കിയെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.