വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി തെര. കമ്മീഷന്‍ റദ്ദാക്കി
തിരുവനന്തപുരം: കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ അനുമതി. വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്‍ ഈ സുപ്രധാന തീരുമാനമെടുത്തത്. വൈഷ്ണയെ സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.
കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് യു.ഡി.എഫ് വൈഷ്ണയെ മുട്ടട വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തുവെന്ന് ആരോപിച്ച് സി.പി.എം പരാതി നല്‍കിയതിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. ഇതോടെ, സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
വൈഷ്ണയുടെ ഹരജി പരിഗണിച്ച ഹൈക്കോടതി, വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടിയില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ‘വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയത് അനീതിയാണ്. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ മത്സരിക്കാന്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കരുത്. 24 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുത്,’-ഹൈക്കോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തുകയും, അതിനുശേഷം വോട്ട് നീക്കിയ നടപടി റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.
വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയെ ഒഴിവാക്കിയ കോര്‍പറേഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ നടപടിയില്‍ കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചു. വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും, സ്ഥാനാര്‍ത്ഥിയെ കേള്‍ക്കാതെ എടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതോടെ, മുട്ടട വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കുന്നതിനുള്ള വഴി തെളിഞ്ഞു.