‘അമിത് ഷായുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടും’; കുമാരസ്വാമിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ആരോപണം തെളിയിച്ചാല്‍ ഉടന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡി.കെ ശിവകുമാര്‍ കുമാരസ്വാമിയെ വെല്ലുവിളിച്ചു.
‘ഞാന്‍ അമിത് ഷായുമായി ബന്ധപ്പെട്ടതിന് ഏതെങ്കിലും തെളിവുകള്‍ അദ്ദേഹം പുറത്തുവിടൂ.. ഒരു നിമിഷം പോലും വൈകാതെ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കുകയും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്യും,’- ശിവകുമാര്‍ വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പൂര്‍ണ വിശ്വാസമുണ്ട്. ആരെയും പേടിക്കേണ്ട ആവശ്യം തനിക്കില്ല. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. മറ്റു വിവാദങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള കുമാരസ്വാമിയുടെ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമിത് ഷായുടെ വീട്ടില്‍ നിരന്തരമായി പോകുന്നതും അദ്ദേഹവുമായി സഖ്യമുണ്ടാക്കിയതും ഞാനാണോ കുമാരസ്വാമിയാണോ? അദ്ദേഹം ബി.ജെ.പിയുമായി കൈകോര്‍ത്തതിന് ജനങ്ങളോട് മറുപടി പറയണം. എന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ച് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കരുത്. പിന്നില്‍ നിന്നു കുത്തുന്ന വഞ്ചകനാണ് കുമാരസ്വാമി. എന്നാല്‍, എന്റെ രക്തം അതല്ലെന്നും ഡി.കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.