‘ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കി ഇറാൻ ആണവ, മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുമെന്ന് കരുതേണ്ട’; ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ
ടെഹ്‌റാൻ: ഇറാനെ ദുര്‍ബലമാക്കി, ഇസ്രയേലിന് കൂടുതല്‍ ആയുധബലം നല്‍കാനാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ ആണവ-മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘ലോകത്ത് സമാധാനത്തോടെയും സുരക്ഷയോടെയും ജീവിക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ആരും തങ്ങളെ അപമാനിക്കാനോ വിരട്ടാനോ ശ്രമിക്കേണ്ട. അവരുടെ താല്‍പര്യങ്ങല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല”-പെസെഷ്‌കിയാന്‍ വ്യക്തമാക്കി.
ഇറാന്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ആണവ പദ്ധതി ഉപയോഗിക്കുന്നത്. ഞങ്ങളെ സമാധാനപരമായ ആണവ സാങ്കേതികവിദ്യ നേടുന്നതില്‍ നിന്ന് വിലക്കുകയോ, ബോംബിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതിരോധശേഷി ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ വേണ്ടെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറാന്‍ ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ പരീക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടൊപ്പം ഏതു അത്യാധുനിക എയര്‍ ഡിഫന്‍സ് സംവിധാനങ്ങളും ഭേദിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു