30/03/2026
[fontresizer_tawhidurrahmandear_widget]

‘ഗംഭീറിനെ പുറത്താക്കൂ; ടീമിനെ രക്ഷിക്കൂ’; ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ കാംപയിന്‍

 ‘ഗംഭീറിനെ പുറത്താക്കൂ; ടീമിനെ രക്ഷിക്കൂ’; ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ കാംപയിന്‍

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്നാം ദിവസം തകര്‍ന്നു തരിപ്പണമായതോടെ, പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ 489 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടലിനു പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 201 റണ്‍സിന് ആള്‍ഔട്ടായിരുന്നു. ആദ്യ ടെസ്റ്റിലെ ദയനീയമായ തോല്‍വിക്കു പിന്നാലെയാണ് രണ്ടാം ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുന്നത്. 549 എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ട് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ടീമിന് 27 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായിട്ടുണ്ട്.

ഇതോടെയാണ്, കോച്ചിന്റെ തന്ത്രങ്ങള്‍ ചോദ്യം ചെയ്ത് ആരാധകര്‍ ‘സാക്ക് ഗംഭീര്‍’ (Sack Gambhir) എന്ന ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നാണക്കേടിലേക്കാണ് ടീം നീങ്ങുന്നത്.

ഗംഭീര്‍ പരിശീലക ചുമതലയേറ്റ ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ടെങ്കിലും, ടെസ്റ്റ് ഫോര്‍മാറ്റില്‍ തിരിച്ചടികള്‍ തുടരുകയാണ്. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും പിന്നാലെ സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയോട് കൂടി പരമ്പര തോല്‍വി ഏറ്റുവാങ്ങാനുള്ള സാധ്യതയേറിയിരിക്കുകയാണ്. 2000ത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ സംഭവിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയായി ഇത് മാറിയേക്കാം.

ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ അവിവേകപരമായ ഷോട്ട് സെലക്ഷനാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് വലിയ തിരിച്ചടിയായത്. ടീം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കെ, മാര്‍ക്കോ യാന്‍സനെതിരെ അനാവശ്യമായി ആക്രമണത്തിന് ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയത് ആരാധകരെ പ്രകോപിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ടി20 ശൈലി സ്വീകരിക്കുന്ന ഈ സമീപനം പരിശീലകന്റെ തന്ത്രങ്ങളുടെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, ടീമിന്റെ തകര്‍ച്ചയ്ക്ക് ഗംഭീറിനാണ് പ്രധാന ഉത്തരവാദിത്തമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. ബാറ്റിങ്് ഓര്‍ഡറിലെ സ്ഥിരതയില്ലായ്മയും ഓള്‍റൗണ്ടര്‍മാരെ മാറ്റിയുള്ള അനാവശ്യ പരീക്ഷണങ്ങളും തോല്‍വിക്ക് കാരണമായി വിമര്‍ശനം ഉയരുന്നുണ്ട്.

‘പരിശീലകനായി 18 ടെസ്റ്റില്‍ 9 തോല്‍വി. 12 വര്‍ഷത്തിനുശേഷം നാട്ടില്‍ ആദ്യമായി പരമ്പര തോല്‍വി. ഗംഭീറിനെ ഒഴിവാക്കാനുള്ള സമയം അതിക്രമിച്ചു’ എന്നും ‘ഗൗതം ഗംഭീറിനെ ഉടന്‍ ഒഴിവാക്കൂ, ഇന്ത്യയെ പൂര്‍ണ്ണമായി നശിപ്പിക്കരുത്’ എന്നും ആവശ്യപ്പെട്ടാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

Also read: