‘ഗസ്സ ആഗോള വിമോചന പോരാട്ടങ്ങളുടെ തലസ്ഥാനം; ഗസ്സക്കാര്‍ക്ക് കൊളംബിയയുടെ പരമോന്നത ബഹുമതി നല്‍കും’; പ്രഖ്യാപനവുമായി പ്രസിഡന്റ് പെട്രോ
ദോഹ: ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ കൊളംബിയയുടെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് പ്രസിഡന്റ് ഗുസ്താവോ പെട്രോ. ഗസ്സ മുനമ്പിലെ അതിഭീകരമായ മനുഷ്യാവസ്ഥയ്ക്ക് അറുതി വരുത്താന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും പെട്രോ അഭിപ്രായപ്പെട്ടു. ഗസ്സക്കാരുടെ ധീരതയ്ക്കും ത്യാഗത്തിനും പോരാട്ടവീര്യത്തിനുമുള്ള ആദരമായി കൊളംബിയയുടെ പരമോന്നത ബഹുമതി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ അദ്ദേഹം അല്‍ ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പെട്രോ.
ഫലസ്തീന്‍ ജനതയുടെ ദീര്‍ഘകാലമായുള്ള ദുരിതം അവസാനിപ്പിക്കുന്നതിന്, ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണം. നിലവിലെ പ്രതിസന്ധിക്ക് ശാശ്വതവും നീതിയുക്തവുമായ പരിഹാരം കാണാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗസ്സക്കാരുടെ പോരാട്ടവീര്യത്തെ അഭിമുഖത്തില്‍ പെട്രോ പ്രകീര്‍ത്തിച്ചു. ഗസ്സ ആഗോള വിമോചന പോരാട്ടങ്ങളുടെ തലസ്ഥാനമാണ്. ഫലസ്തീന്‍ ജനതയുടെ ഈ അസാധാരണമായ ത്യാഗങ്ങളെയും ധീരതയെയും മാനിച്ചുകൊണ്ട്, അവര്‍ക്ക് കൊളംബിയന്‍ സര്‍ക്കാരിന്റെ മഹാനായ വിമോചകന്‍ സൈമണ്‍ ബൊളീവറുടെ പേരിലുള്ള മെഡല്‍ നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് ഫലസ്തീനികളുടെ ധീരമായ നിലപാടിനുള്ള ലോകത്തിന്റെ അംഗീകാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സസയില്‍ നടക്കുന്നത് വംശഹത്യ തന്നെയാണെന്ന് ആവര്‍ത്തിച്ച കൊളംബിയന്‍ പ്രസിഡന്റ്, ഇസ്രയേലിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. ”സത്യം മറച്ചുവയ്ക്കാനുള്ള കഠിന ശ്രമങ്ങള്‍ക്കിടയിലും ഗസ്സ മുനമ്പിലെ വംശഹത്യ ലോകം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇസ്രയേല്‍ ഒരു ഭരണകൂടമുള്ള രാജ്യമായാണു കരുതപ്പെടുന്നത്. എന്നാല്‍, അവര്‍ വംശഹത്യയാണ് നടത്തുന്നത്. അവരുടെ നടപടികള്‍ ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യത്വപരമായ മൂല്യങ്ങളെയും ലംഘിക്കുന്ന നടപടികളാണ് ഗസ്സയില്‍ നടക്കുന്നത്.”-പെട്രോ വ്യക്തമാക്കി.
ഗസ്സയിലെ ജനങ്ങളോടുള്ള കൊളംബിയയുടെ ഐക്യദാര്‍ഢ്യം അദ്ദേഹം ആവര്‍ത്തിച്ചുറപ്പിച്ചു. ഗസ്സ മുനമ്പിലെ മനുഷ്യത്വത്തിന്റെ വീരന്മാരുമായി താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവിടുത്തെ അവസ്ഥകള്‍ നേരിട്ട് മനസ്സിലാക്കുന്നുണ്ടെന്നും പെട്രോ വെളിപ്പെടുത്തി. ഗസ്സയിലേക്ക് മനുഷ്യത്വപരമായ സഹായം എത്തിക്കുന്നാനുള്ള കൊളംബിയയുടെ സന്നദ്ധതയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തെ പിന്തുണയ്ക്കുന്നതിനും അടിയന്തരമായി ഡോക്ടര്‍മാരെയും മെഡിക്കല്‍ സംഘത്തെയും അവിടേക്ക് അയക്കുന്നതിനും തങ്ങള്‍ തയാറാണെന്നും പെട്രോ അറിയിച്ചു.