10/06/2026
[fontresizer_tawhidurrahmandear_widget]

‘വിരട്ടാന്‍ നോക്കേണ്ട; മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമെടുക്കും’- ട്രംപിന് മുന്നറിയിപ്പുമായി ഗുസ്താവോ പെട്രോ

 ‘വിരട്ടാന്‍ നോക്കേണ്ട; മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമെടുക്കും’- ട്രംപിന് മുന്നറിയിപ്പുമായി ഗുസ്താവോ പെട്രോ

ഡൊണാള്‍ഡ് ട്രംപ്, ഗുസ്താവോ പെട്രോ

ബൊഗോട്ട: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് ഡെല്‍റ്റ ഫോഴ്‌സ് പിടികൂടിയതിന് പിന്നാലെ ലാറ്റിനമേരിക്കയില്‍ യുദ്ധഭീതി പടരുന്നു. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാക്‌പോര് കടുക്കുകയാണ്. അമേരിക്കന്‍ ഭീഷണികള്‍ക്കെതിരെ ആവശ്യമെങ്കില്‍ താന്‍ വീണ്ടും ആയുധമെടുക്കുമെന്നും, ധൈര്യമുണ്ടെങ്കില്‍ തന്നെ വന്ന് പിടിക്കാമെന്നും പെട്രോ ട്രംപിനെ വെല്ലുവിളിച്ചു.

ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ പെട്രോ, ‘ധൈര്യമുണ്ടെങ്കില്‍ വന്ന് എന്നെ പിടിക്കൂ’ എന്ന് പരസ്യമായി വെല്ലുവിളിച്ചു. ‘എന്നെ ഭീഷണിപ്പെടുത്തേണ്ട, ഞാന്‍ ഇവിടെത്തന്നെയുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വരാം. എന്നാല്‍ അധിനിവേശങ്ങളോ മിസൈലുകളോ കൊലപാതകങ്ങളോ ഞാന്‍ അംഗീകരിക്കില്ല. നുണകളല്ല, വസ്തുതകളുടെ അടിസ്ഥാനത്തില്‍ മുഖാമുഖം സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം,’ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വാരാന്ത്യത്തില്‍ ട്രംപ് നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങളാണ് പെട്രോയെ ചൊടിപ്പിച്ചത്. ‘പെട്രോ സ്വന്തം കാര്യം നോക്കി ജീവിക്കുന്നതാണ് നല്ലത്’ എന്നും, ‘അമേരിക്കയിലേക്ക് കൊക്കെയ്ന്‍ ഉണ്ടാക്കി അയക്കുന്ന രോഗിയായ മനുഷ്യന്‍’ എന്നുമാണ് ട്രംപ് പെട്രോയെ അധിക്ഷേപിച്ചത്. ഇതിനുള്ള മറുപടിയായാണ്, ‘ഞാന്‍ ഒരു നാര്‍ക്കോ (മയക്കുമരുന്ന് കടത്തുകാരന്‍) അല്ല, ശമ്പളം കൊണ്ട് വീട് പുലര്‍ത്തുന്ന സാധാരണക്കാരനാണ്’ എന്ന് പെട്രോ തിരിച്ചടിച്ചത്.

മുന്‍ എം-19 ഗറില്ല പോരാളിയായിരുന്ന പെട്രോ, തന്റെ വിപ്ലവ പാരമ്പര്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ‘1989-ലെ സമാധാന കരാറിന് ശേഷം ഇനി ഒരിക്കലും ആയുധം തൊടില്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തതാണ്. എന്നാല്‍, എന്റെ മാതൃരാജ്യത്തിന് വേണ്ടി ഞാന്‍ വീണ്ടും ആയുധമെടുക്കും,’ പെട്രോ എക്സില്‍ കുറിച്ചു. കൊളംബിയയെ ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യമാക്കി മാറ്റുകയും 7 ലക്ഷത്തോളം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത ‘രാഷ്ട്രീയ മാഫിയകള്‍’ നല്‍കുന്ന തെറ്റായ വിവരങ്ങളാണ് യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോയെയും ട്രംപിനെയും തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Also read: