അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തറുത്ത അമ്മൂമ്മ അറസ്റ്റില്‍
കൊച്ചി: എറണാകുളം അങ്കമാലിക്ക് സമീപം കറുകുറ്റി, കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ റോസിലി (66) അറസ്റ്റില്‍. മാനസികാസ്വാസ്ഥ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന റോസിലിയുടെ അറസ്റ്റ് ആശുപത്രിയിലെത്തിയാണു രേഖപ്പെടുത്തിയത്.
ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡെല്‍ന മരിയ സാറയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മൂമ്മയായ റോസിലിയുടെ അടുത്ത് ഉറക്കിക്കിടത്തി റൂത്ത് ഭക്ഷണമെടുക്കാന്‍ അടുക്കളയിലേക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. തിരികെയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകമാണെന്ന് പൊലീസ് ഇന്നലെത്തന്നെ സ്ഥിരീകരിച്ചിരുന്നു. കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി പൊലീസ്‌സ് ഇന്നു കണ്ടെടുത്തു. തുടര്‍ന്നാണ് ഇന്ന് രാവിലെ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലപ്പെട്ട ഡല്‍നയുടെ ജ്യേഷ്ഠന്‍ ഡാനിയേലിന്റെ നാലാം പിറന്നാള്‍ ദിനത്തിലാണ് ഈ ദുരന്തം സംഭവിച്ചതെന്നത് കുടുംബത്തിന്റെ ദുഃഖം ഇരട്ടിയാക്കി. മാതാപിതാക്കള്‍ക്ക് അസുഖമായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്ക് ശേഷം ചെല്ലാനത്തേക്ക് തിരികെ പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ ക്രൂരകൃത്യം നടന്നത്.
മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി ദിവസങ്ങള്‍ക്ക് മുമ്പ് ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരാനാണ് സാധ്യത. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരം നാലുമണിയോടെ എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കും