27/01/2026

എന്തു ചതിയിത്! കേരള ട്രിപ്പ് റദ്ദാക്കിയതിനു പിന്നാലെ മെസിയും സംഘവും ഹൈദരാബാദിലേക്ക്

 എന്തു ചതിയിത്! കേരള ട്രിപ്പ് റദ്ദാക്കിയതിനു പിന്നാലെ മെസിയും സംഘവും ഹൈദരാബാദിലേക്ക്

കൊല്‍ക്കത്ത: ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ലയണല്‍ മെസിയുടെ ‘ഗോട്ട് ടൂര്‍ ടു ഇന്ത്യ 2025’ പരിപാടിയില്‍ നിര്‍ണായക മാറ്റങ്ങള്‍. ആദ്യം പ്രഖ്യാപിച്ച കേരളത്തിലെ (കൊച്ചി) സൗഹൃദ മത്സരം റദ്ദാക്കിയതോടെ, ദക്ഷിണേന്ത്യന്‍ ആരാധകരെ തൃപ്തിപ്പെടുത്താനായി ടൂറിന്റെ ഭാഗമായി ഹൈദരാബാദിനെ പുതിയ വേദിയായി കൂട്ടിച്ചേര്‍ത്തു. ഇതോടെ ടൂര്‍ പാന്‍-ഇന്ത്യന്‍ തലത്തില്‍ തന്നെ നടക്കും.

നേരത്തെ നവംബര്‍ 17ന് നടക്കാനിരുന്ന അര്‍ജന്റീനയുടെ കൊച്ചിയിലെ മത്സരം, ഫിഫ അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇതോടെയാണ് പുതിയ തീരുമാനം വന്നത്. കേരളത്തിലെ മത്സരം റദ്ദാക്കിയതോടെ, ദക്ഷിണേന്ത്യന്‍ ആരാധകര്‍ക്ക് മെസിയെ കാണാന്‍ അവസരം നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഹൈദരാബാദിനെ തിരഞ്ഞെടുത്തതെന്ന് ടൂറിന്റെ ഏക സംഘാടകനായ സതദ്രു ദത്ത അറിയിച്ചു. ഗച്ചിബൗളിയിലോ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിലോ ആയിരിക്കും മെസിയും സംഘവും എത്തുക. ഇന്ത്യയുടെ പടിഞ്ഞാറില്‍ മുംബൈ, കിഴക്കില്‍ കൊല്‍ക്കത്ത, വടക്ക് ന്യൂഡല്‍ഹി എന്നിവയ്ക്കൊപ്പം ഹൈദരാബാദ് കൂടി വരുന്നതോടെ മെസ്സിയുടെ ടൂര്‍ രാജ്യത്തിന്റെ നാല് കോണുകളിലും എത്തുമെന്ന് ദത്ത ചൂണ്ടിക്കാട്ടി.

ഹൈദരാബാദ് ടൂര്‍ ഒരു സാധാരണ പരിപാടി മാത്രമായിരിക്കില്ലെന്നും, വലിയ ആഘോഷമായിരിക്കുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം, ഫുട്‌ബോള്‍ ക്ലിനിക്ക്, സംഗീത പരിപാടികള്‍, ദക്ഷിണേന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം എന്നിവയെല്ലാം ഇവിടെയുണ്ടാകും.

ഡിസംബര്‍ 13ന് കൊല്‍ക്കത്തയില്‍നിന്നാണ് മെസി ടൂറിന് തുടക്കമിടുന്നത്. അതേ ദിവസം വൈകീട്ട് ഹൈദരാബാദിലും, തുടര്‍ന്ന് ഡിസംബര്‍ 14ന് മുംബൈയിലും, 15ന് ന്യൂഡല്‍ഹിയിലും പരിപാടികള്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഡല്‍ഹി ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മെസിയുടെ പഴയ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും ടൂറിന്റെ ഭാഗമാകും. ടിക്കറ്റ് വില്‍പ്പന എല്ലാ വേദികളിലും മികച്ച പ്രതികരണമാണ് നേടുന്നത്. കേരളത്തിലെ ആരാധകര്‍ക്ക് നിരാശയുണ്ടെങ്കിലും, ഹൈദരാബാദ് വേദിയാക്കിയതിലൂടെ ദക്ഷിണേന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ അവസരം ലഭിക്കും. ഹൈദരാബാദിലെ പരിപാടിക്കായുള്ള ടിക്കറ്റ് ബുക്കിങ് ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also read: