29/03/2026
[fontresizer_tawhidurrahmandear_widget]

ക്യാംപ് നൗവില്‍ രഹസ്യ സന്ദര്‍ശനം നടത്തി മെസ്സി; ബാഴ്‌സയിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന

 ക്യാംപ് നൗവില്‍ രഹസ്യ സന്ദര്‍ശനം നടത്തി മെസ്സി; ബാഴ്‌സയിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന

ബാഴ്സലോണ: തൻ്റെ മുൻ കളിത്തട്ടായ ബാഴ്സലോണയിലെ കാംപ് നൗവിൽ ഇതിഹാസ താരം ലയണൽ മെസ്സി നടത്തിയ രഹസ്യ സന്ദർശനം ഫുട്ബോൾ ലോകത്ത് വൻ ചർച്ചയാവുന്നു.

നിലവിൽ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന 38-കാരനായ അർജന്റീനിയൻ സൂപ്പർതാരം തന്നെയാണ് തൻ്റെ കാംപ് നൗ സന്ദർശനത്തിൻ്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “എന്റെ ആത്മാവിൽ ഏറെ മിസ്സ് ചെയ്യുന്ന ഒരിടത്തേക്ക് കഴിഞ്ഞ രാത്രി ഞാൻ മടങ്ങിയെത്തി” – മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

മെസ്സി പങ്കുവെച്ച വൈകാരികമായ സന്ദേശം ക്ലബ്ബിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച അഭ്യൂഹങ്ങൾ വീണ്ടും സജീവമാക്കി. “ഞാൻ അങ്ങേയറ്റം സന്തോഷവാനായിരുന്ന, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയാണ് ഞാനെന്ന് ആയിരം മടങ്ങ് നിങ്ങൾ എന്നെക്കൊണ്ട് തോന്നിപ്പിച്ച ഒരിടം,” എന്ന് കുറിച്ച താരം, “ഒരു കളിക്കാരനെന്ന നിലയിൽ യാത്ര പറയാൻ വേണ്ടിയല്ലാതെ ഇവിടേക്ക് തിരിച്ചു വരാൻ കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ” എന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂട്ടിച്ചേർത്തു. 2021-ലെ സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു മെസ്സിക്ക് ക്ലബ്ബ് വിടേണ്ടി വന്നത്.

മെസ്സിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ്, ബാഴ്‌സലോണ പ്രസിഡന്റ് ജോൺ ലപോർട്ട അദ്ദേഹത്തിന് ഉചിതമായ ആദരം നൽകാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു. കാമ്പ് നൗവിന്റെ പൂർണ്ണമായ നവീകരണത്തിന് ശേഷം 2026-ൽ, മെസ്സിക്ക് ഒരു യാത്രയയപ്പ് മത്സരം നൽകുന്നത് മനോഹരമായിരിക്കും എന്നാണ് ലപോർട്ട പറഞ്ഞത്. “മെസ്സിക്കുള്ള ആദരവോടെയും സ്റ്റേഡിയം നിറയെ ആരാധകരുമായി കാമ്പ് നൗ ഉദ്ഘാടനം ചെയ്യുന്നത് മനോഹരമായ ഒരു കാര്യമായിരിക്കും” എന്നും ലപോർട്ട വ്യക്തമാക്കി.

മെസ്സി ക്ലബ്ബ് വിട്ടുപോയതോടെ വഷളായ ബന്ധം മെച്ചപ്പെടുത്താൻ ലപോർട്ട ശ്രമിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ പ്രസ്താവനകൾ. പുതിയ സ്റ്റേഡിയം പൂർണ്ണമായും തുറക്കുന്ന സമയം മെസ്സിയുടെ നിലവിലെ ഇന്റർ മയാമി കരാർ കാലാവധി പൂർത്തിയാകുന്നതിന് അടുത്താണ്. ലോകകപ്പിന് മുമ്പായി മെസ്സി ആറുമാസം ലോൺ അടിസ്ഥാനത്തിൽ യൂറോപ്പിൽ കളിക്കുമെന്ന അഭ്യൂഹങ്ങളും ഈയിടെ പുറത്തു വന്നിരുന്നു.

Also read: