01/04/2026
[fontresizer_tawhidurrahmandear_widget]

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മില്‍മ പാല്‍ വില കൂടും: മന്ത്രി ജെ. ചിഞ്ചുറാണി

 തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മില്‍മ പാല്‍ വില കൂടും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില ഉടന്‍ വര്‍ധിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സൂചന നല്‍കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം വില വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി നേരിയ വര്‍ധന വരുത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പാണുള്ളതെന്നും മന്ത്രി അറിയിച്ചു.

മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘മില്‍മയുടെ വില അല്‍പം കൂട്ടിക്കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെക്കുറിച്ച് കൂടുതലായി നിലവില്‍ ആലോചിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മില്‍മയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം വില വര്‍ധിപ്പിക്കും,’ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

നിലവില്‍ ലിറ്ററിന് 52 രൂപയാണ് മില്‍മ ടോണ്‍ഡ് മില്‍ക്കിന്റെ (നീല പാക്കറ്റ്) വില. പാല്‍ വില ലിറ്ററിന് 3-4 രൂപ വരെ വര്‍ധിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് വില വര്‍ധന പരിഗണിക്കുന്നത്.

അവസാനമായി 2022 ഡിസംബറിലാണ് മില്‍മ പാല്‍ വില വര്‍ധിപ്പിച്ചത്. അന്ന് ലിറ്ററിന് 6 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. പാല്‍ ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കിയ സമയത്ത് വില കൂട്ടേണ്ടെന്നായിരുന്നു മില്‍മ ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ എറണാകുളം ഉള്‍പ്പെടെയുള്ള ചില മേഖലാ യൂണിയനുകള്‍ വില വര്‍ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Also read: