‘എസ്‌ഐആര്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണം’; മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിശോധന പ്രക്രിയ (എസ്ഐആർ) തടയണം എന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരക്കിട്ട് നടത്തുന്ന ഈ നടപടി നീതിയുക്തമല്ലെന്നും, നിലവിലുള്ള വോട്ടർമാരെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലീഗ് ഹരജി സമർപ്പിച്ചത്.
സർക്കാർ ജീവനക്കാരനായ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്‍ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാൻ എംപി മുഖേന പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഹരജി സമർപ്പിച്ചത്.
തിരക്കിട്ട നടപടികൾ കാരണം വോട്ടർ പട്ടികയിൽ ഉൾപ്പെട്ട അർഹരായ ആളുകൾ പുറത്താകാൻ സാധ്യതയുണ്ട്. ഇത് പൗരൻമാരുടെ വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണ്. വോട്ടർമാരെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ല. കടുത്ത സമ്മർദ്ദത്തിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. എസ്ഐആർ
ജോലികളുടെ അമിതഭാരം കാരണം ബിഎൽഒമാർ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും, അടുത്തിടെ കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവവും ഇതിനോട് ചേർത്തുവായിക്കണമെന്നും ലീഗ് ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുതാര്യവും മതിയായ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നും, അതുവരെ നിലവിലെ നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് അടിയന്തരമായി നിർദ്ദേശിക്കണമെന്നുമാണ് മുസ്‍ലിം ലീഗിന്റെ പ്രധാന ആവശ്യം.