ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വിക്ടറി പരേഡില്ല; ചാംപ്യന്‍ സംഘത്തെ ഇന്ന് പ്രധാനമന്ത്രി ആദരിക്കും
ന്യൂഡൽഹി: കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച വനിതാ ക്രിക്കറ്റ് ടീമിന് പൊതു വിക്ടറി പരേഡ് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകീട്ട് ഡൽഹിയിൽ വെച്ച് ടീമിനെ ആദരിക്കും. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്.
സുരക്ഷാ ആശങ്കകളും ഗതാഗതപരമായ വെല്ലുവിളികളും കാരണമാണ് പൊതു പരേഡ് ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ഈ വർഷം ആദ്യം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തെത്തുടർന്ന് ബിസിസിഐ ജാഗ്രത പാലിക്കുന്നതാണ് പരേഡ് ഒഴിവാക്കാനുള്ള പ്രധാന കാരണം.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ടീമിനെ ആദരിക്കുന്ന ചടങ്ങ് നടക്കുക. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചതിനെത്തുടർന്ന് താരങ്ങള്‍ ചൊവ്വാഴ്ച തലസ്ഥാനത്തേക്ക് എത്തിയിരുന്നു.
കഴിഞ്ഞ വർഷം ബാർബഡോസിൽ പുരുഷ ടീം ടി20 ലോകകപ്പ് നേടിയപ്പോൾ മുംബൈയിലെ മറൈൻ ഡ്രൈവില്‍ വലിയ വിജയാഘോഷം സംഘടിപ്പിച്ചിരുന്നു. പുരുഷ ടീമിന്റെ വിജയാഘോഷം പോലെ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്കിടയില്‍ പുതിയ തീരുമാനം വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്.