ഓപറേഷന് പിംപിള്‍: കുപ്വാരയില് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കേരന്‍ പ്രദേശത്ത് നടന്ന ‘ഓപറേഷന് പിംപിളി’ല്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടഞ്ഞതായി സൈന്യം അറിയിച്ചു.
നുഴഞ്ഞുകയറ്റ ശ്രമം സംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഓപറേഷന് ആരംഭിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം ജാഗരൂകരായി നിലയുറപ്പിച്ചു. ഇതിനിടെ ഭീകരരര്‍ വെടിയുതിര്‍ത്തതോടെയാണു സംഘം സൈന്യത്തിന്റെ പിടിയിലായത്. നിലവില്‍ കേരന്‍ മേഖലയില്‍ ഓപറേഷന് തുടരുകയാണ്.
കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് കുപ്വാരയിലും വന്‍ സൈനിക നീക്കം നടക്കുന്നത്.
മേഖലയില്‍ ഭീകരസാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് നേരത്തെ ‘ഓപറേഷന് ഛത്രു’ ആരംഭിച്ചത്. സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് കിഷ്ത്വാറില്‍ തിരച്ചില്‍ നടത്തിയത്.
ജമ്മുവിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വനമേഖലകളിലും പ്രവര്‍ത്തിക്കുന്ന ഭീകരരില്‍നിന്നുള്ള ഭീഷണികള്‍ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ജനറല്‍ ഓഫീസര്‍ കമാന്ഡിഹ് ഇന്‍ ചീഫ് അറിയിച്ചു. ശൈത്യകാലത്തിനായി സൈന്യം പ്രത്യേക തയാറെടുപ്പുകള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.