‘വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെയാണ് ഇന്ത്യയിലെ ജനങ്ങള്‍വിശ്വസിക്കുന്നത്’ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ വീണ്ടും തെളിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണത്തില്‍ സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്. നല്ല ഉദ്ദേശ്യത്തോടെയും വികസനത്തെ മുന്‍നിര്‍ത്തിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരായാലും പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളായാലും വികസനം തന്നെ പ്രാഥമിക ലക്ഷ്യമായിരിക്കണമെന്ന് മോദി വ്യക്തമാക്കി. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യകരമായ മത്സര മനോഭാവം വളര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ക്ഷേമത്തിനായി 24 മണിക്കൂറും പ്രതിജ്ഞാബദ്ധമായതിനാലാണ് ബിജെപി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്ന് മോദി പറഞ്ഞു. ജയിക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള മനോഭാവമാണ് നിര്‍ണായകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള സാമ്പത്തിക അസ്ഥിരതകളുടെ പശ്ചാത്തലത്തിലും ഇന്ത്യ ഏകദേശം ഏഴ് ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുന്നു. ഇന്ത്യ ഉയര്‍ന്നുവരുന്ന വിപണി മാത്രമല്ല, ഉയര്‍ന്നുവരുന്ന ഒരു മാതൃകയാണ്. വികസിത രാഷ്ട്രമാകാനുള്ള ലക്ഷ്യത്തോടെ രാജ്യം വേഗത്തില്‍ മുന്നേറുകയാണെന്നും മോദി പറഞ്ഞു.