‘പട്ടേല്‍ കശ്മീരിനെ പൂര്‍ണമായി ഇന്ത്യയുടെ ഭാഗമാക്കാൻ ആഗ്രഹിച്ചപ്പോള്‍, തടസം നിന്നത് നെഹ്റു’; വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി
അഹമ്മദാബാദ്: പട്ടേല്‍ സ്മൃതി ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം കശ്മീരിനെ പൂര്‍ണമായി ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസം നിന്നത് നെഹ്‌റുവാണെന്നും മോദി ആക്ഷേപിച്ചു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഗുജറാത്തിലെ നര്‍മദ ജില്ലയിലെ ഏകതാ നഗറില്‍ രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ചരിത്രം എഴുതി സമയം കളയരുത്. ചരിത്രം സൃഷ്ടിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം എന്നാണ് പട്ടേല്‍ വിശ്വസിച്ചിരുന്നത്. മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ മുഴുവന്‍ കശ്മീരും ഇന്ത്യയുമായി ഒന്നിപ്പിക്കണമെന്ന് പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍, ആ ആഗ്രഹം സഫലമാക്കുന്നത് നെഹ്‌റുജി തടഞ്ഞു. കശ്മീരിനെ വിഭജിച്ചു, പ്രത്യേക ഭരണഘടനയും പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ ആ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടു”-മോദി പറഞ്ഞു
കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്നും മോദി വിമര്‍ശിച്ചു. അതില്‍ രാജ്യവും കശ്മീരും ഒരുപാട് സഹിച്ചു. കശ്മീരിനെ വിഭജിച്ചതും അതിനായി പ്രത്യേക പതാക അനുവദിച്ചതുമെല്ലാം നെഹ്‌റുവിന്റെ നയങ്ങളാണ്. കശ്മീര്‍ നയത്തിലെ പാളിച്ചതന്നെയാണ് വടക്കു കിഴക്കന്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്കും മാവോവാദി ഭീഷണികള്‍ക്കും പ്രചോദനമായത്. നട്ടെല്ലില്ലാത്ത സമീപനമാണ് നെഹ്‌റു സര്‍ക്കാര്‍ സ്വീകരിച്ചത്. ആ നയം കാരണമാണ് കശ്മീരിന്റെ ഒരുഭാഗം നമുക്ക് നഷ്ടമായതും അവിടെ ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയതും. ഈ നയം തിരുത്താനാണ് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം എടുത്തുകളഞ്ഞതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.