31/03/2026
[fontresizer_tawhidurrahmandear_widget]

‘മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആയി ചിത്രീകരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട’; ആരോപണവുമായി രാജിവച്ച എസ്‌ഐ ശ്രീജിത്ത്

 ‘മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആയി ചിത്രീകരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട’; ആരോപണവുമായി രാജിവച്ച എസ്‌ഐ ശ്രീജിത്ത്

തിരുവനന്തപുരം: രാഷ്ട്രീയ നേതൃത്വവും പോലീസിലെ ചില ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ‘സിസ്റ്റം’ വിചാരിച്ചാല്‍ ഒരു സാധാരണക്കാരനെ വലിയ കുറ്റവാളിയാക്കാനും, അതേസമയം യഥാര്‍ത്ഥ കുറ്റവാളികളെ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍. മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആക്കാന്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് രാജിവെച്ച എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍ പറഞ്ഞു. എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയതിന് തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്ന് ആരോപിച്ചായിരുന്നു ശ്രീജിത്ത് രാജിവച്ചത്.

പോലീസിന് വളരെ നിസ്സാരമായ ഒരു എംഡിഎംഎയുടെ ചെറിയ പാക്കറ്റ് ഒരാളുടെ ബാഗില്‍ വെച്ചാല്‍ പോലും, ആ സിസ്റ്റം വിചാരിച്ചാല്‍ ഒരു നാടകം ക്രിയേറ്റ് ചെയ്ത് ഒരാളെ എളുപ്പത്തില്‍ കുടുക്കാന്‍ സാധിക്കും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ കേസ്. പ്രധാനമന്ത്രിക്കെതിരായി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പ്രതികാരമായി, അദ്ദേഹം എസ്.പി ആയിരുന്ന കാലത്തെ ഒരു കസ്റ്റഡി കൊലപാതക കേസ് പൊടിതട്ടിയെടുത്ത് മരണം വരെ ജയിലില്‍ കിടക്കാനുള്ള വകുപ്പുണ്ടാക്കി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ നിരന്തരം തള്ളിക്കളയുമ്പോള്‍, ഇതിലും ഗുരുതരമായ കേസുകളില്‍ പ്രതികളായ പലര്‍ക്കും ജാമ്യം ലഭിക്കുന്നുവെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി.

താഴെത്തട്ടിലുള്ളവര്‍ക്ക് നീതി ലഭിക്കുന്നതില്‍ സിസ്റ്റം കാണിക്കുന്ന വിവേചനം അദ്ദേഹം സ്വന്തം അനുഭവം വഴി വിവരിച്ചു. താന്‍ നല്‍കിയ മരംമുറി വിവാദവുമായി ബന്ധപ്പെട്ട പരാതിയെ ‘ലോ പ്രൊഫൈല്‍’ ആയ ഒരാളുടെ വിഷയമായി കണ്ട് ഒതുക്കി തീര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. തന്റെ പരാതിയില്‍ രണ്ടു വര്‍ഷമായിട്ടും മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, പത്തനംതിട്ടയില്‍ ഒരു പോക്‌സോ കേസില്‍ അതിജീവിത നീതിക്കായി എസ്.പി ഓഫീസ് ഉള്‍പ്പെടെ പലയിടത്തും കയറി ഇറങ്ങേണ്ടി വന്ന അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കേസില്‍ പ്രതിയായ അഭിഭാഷകനെ രക്ഷിക്കാന്‍ ഡിവൈ.എസ്.പി, എസ്.പി അടക്കമുള്ളവര്‍ സഹായിച്ചതായി ഡി.ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സി.ഡബ്ല്യു.സി ഓഫീസില്‍ വെച്ച് പ്രതി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയെ ലക്ഷ്യം വെക്കുന്നതിലെ ദുരൂഹതയും അദ്ദേഹം തുറന്നുപറഞ്ഞു. രാജ്യത്ത് കസ്റ്റംസ് ആക്റ്റ് 1962 പ്രകാരം കസ്റ്റംസ് ആണ് സ്വര്‍ണ്ണം പിടിക്കേണ്ടതും നിയമനടപടികള്‍ എടുക്കേണ്ടതും. കസ്റ്റംസ് പിടിക്കുന്ന കേസുകളില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യാനും കൂടുതല്‍ അന്വേഷണം നടത്താനും സാധിക്കും. എന്നാല്‍, പോലീസ് പിടിക്കുന്ന കേസുകള്‍ (102 സിആര്‍പിസി) പിടികൂടുന്ന വ്യക്തിയില്‍ മാത്രം അവസാനിക്കുകയും അന്വേഷണ സാധ്യത ഇല്ലാതാവുകയും ചെയ്യും.

തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് സ്വര്‍ണം പിടിക്കുമ്പോള്‍, കരിപ്പൂരില്‍ മാത്രം പോലീസ് സ്ഥിരമായി ഇടപെടുകയും കേസുകള്‍ പിടിക്കുകയും ചെയ്യുന്നത് ദുരൂഹമാണ്. മലപ്പുറം ക്രിമിനല്‍ ഹബ്ബ് ആണെന്ന തരത്തില്‍ ചിത്രീകരിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. കരിപ്പൂര്‍ വഴി വരുന്ന സ്വര്‍ണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍പ് വന്ന പ്രസ്താവന ഈ പ്രദേശത്തെ ജനങ്ങളെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കാരണമായെന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി.

Also read: