നടക്കാനിറങ്ങിയ സിനിമാ നടിയെ കടന്നുപിടിച്ചു; ഐടി കമ്പനി മാനേജർ അറസ്റ്റിൽ
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനിറങ്ങിയ സിനിമാ നടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഡിയം ലിങ്ക് റോഡിലെ ടാറ്റു സ്റ്റുഡിയോയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം.
എംബിഎ ബിരുദധാരിയും കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജറുമായ വിപിൻ, നടിയെ തടഞ്ഞുനിർത്തുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നാണ് പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് വെച്ച് വൈകുന്നേര സമയത്തുണ്ടായ അതിക്രമം സിനിമാ മേഖലയിലും പൊതുജനങ്ങൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.