20/07/2026
[fontresizer_tawhidurrahmandear_widget]

അപകടത്തിൽ പരിക്കേറ്റ് 11 വയസുകാരൻ മരിച്ച സംഭവം: കുട്ടി രക്തം വാർന്ന് റോഡിൽ കിടന്നത് 1 മണിക്കൂറോളം; പോലീസ് അനാസ്ഥയിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മിഷൻ

 അപകടത്തിൽ പരിക്കേറ്റ് 11 വയസുകാരൻ മരിച്ച സംഭവം: കുട്ടി രക്തം വാർന്ന് റോഡിൽ കിടന്നത് 1 മണിക്കൂറോളം; പോലീസ് അനാസ്ഥയിൽ സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മിഷൻ

വയനാട്: റോഡപകടത്തിൽ പരിക്കേറ്റ പതിനൊന്നു വയസുകാരൻ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അപകടത്തിൽപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അനാസ്ഥയും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്നാണ് കമ്മീഷൻ അടിയന്തരമായി ഇടപെട്ടത്. വയനാട് മുത്തങ്ങയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. അപകടത്തിൽപ്പെട്ട് ചോര വാർന്നു കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ വാഹനം വിട്ടുനൽകാൻ വിസമ്മതിച്ചതായും ആംബുലൻസ് വരുന്നതുവരെ കാത്തുനിൽക്കാൻ നിർബന്ധിച്ചതായും ആക്ഷേപമുണ്ട്.

നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഇതിന് തയാറാകാതിരുന്നതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കാൻ ഒരു മണിക്കൂറോളം വൈകുകയും ഇത് കുട്ടിയുടെ മരണത്തിന് കാരണമാവുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിയോട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം.

Also read: