ബൈക്ക് റേസിങ്ങിനെച്ചൊല്ലി തർക്കം; ‘ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു, വെള്ളം കൊടുത്തു’; രക്ഷകന്‍ ചമഞ്ഞ് പ്രതി; കൊലപാതകത്തിൽ ഒടുവില്‍ ട്വിസ്റ്റ്
കൊല്ലപ്പെട്ട മനു. കേസിലെ പ്രതി മിഥുന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ, ഒന്നുമറിയാത്തപോലെ മാധ്യമങ്ങളോട് പ്രതികരിച്ച മുഖ്യപ്രതി ഒടുവിൽ പോലീസിന്റെ പിടിയിലായി. നെല്ലിമൂട് കുഴിപളം സ്വദേശിയായ മനോജ് എന്ന മനുവാണ് (22) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ചോരയിൽ കുളിച്ചുകിടന്ന മനുവിന് കുടിക്കാൻ വെള്ളം നൽകിയെന്നും തർക്കത്തിന്റെ കാരണം അറിയില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞ അയൽവാസിയായ മിഥുനാണ് കേസിലെ പ്രധാന പ്രതി. ഇയാളെ കൂടാതെ പിതാവ് ബിജു, സഹോദരൻ അമ്പാടി, പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബൈക്ക് റേസിങ്ങിനെച്ചൊല്ലി അയൽവാസികളായ ബിജുവും കുടുംബവുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴിയിൽ വെച്ച് പെട്രോൾ തീർന്ന ബൈക്കിൽ ഇന്ധനം നിറച്ച ശേഷം അമിതശബ്ദത്തിൽ റേസ് ചെയ്തതിനെ മനു ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കം ആദ്യം നാട്ടുകാർ ഇടപെട്ട് പറഞ്ഞുതീർത്തിരുന്നെങ്കിലും, വൈകുന്നേരം ഏഴരയോടെ മനു ഒരു കത്തിയുമായി ഇവരുടെ വീട്ടിലെത്തിയതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. തുടർന്നുണ്ടായ പിടിവലിക്കിടെ മനു കൊണ്ടുവന്ന കത്തികൊണ്ടുതന്നെ ഇയാൾക്ക് വാരിയെല്ലിന്റെ ഭാഗത്തായി ആഴത്തിൽ കുത്തേൽക്കുകയായിരുന്നു.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുൻപ് തികച്ചും നിരപരാധിയെപ്പോലെയാണ് മിഥുൻ മാധ്യമങ്ങളോട് സംസാരിച്ചത്. താൻ അവിടെ എത്തുമ്പോൾ മനു ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നുവെന്നും, ചോദിച്ചതനുസരിച്ച് വെള്ളം എടുത്തുകൊടുത്തു എന്നുമാണ് മിഥുൻ പറഞ്ഞത്. മനുവിനൊപ്പം മറ്റ് ചിലരുമുണ്ടായിരുന്നുവെന്നും പ്രശ്നത്തിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നുമായിരുന്നു യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇയാൾ ക്യാമറയ്ക്ക് മുന്നിൽ നൽകിയ പ്രതികരണം. ഈ നാടകത്തിന് പിന്നാലെയാണ് മിഥുനും കുടുംബവും പോലീസ് പിടിയിലാകുന്നത്.