04/09/2026
[fontresizer_tawhidurrahmandear_widget]

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറന്റ്

 മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറന്റ്

ചോറ്റാനിക്കര: വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഈ നിർണായക നടപടി.

അമ്പലമേട് പൊലീസിന്റെ കേസ് നടപടികളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ മുൻപ് ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യം നിരസിച്ച ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കുകയായിരുന്നു.

വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ തടികൾ, വനംവകുപ്പിന്റെ സാധുവായ പാസ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് കരിമുകളിലെ മലബാർ ടിംബർ ഇൻഡസ്ട്രീസിന് വിറ്റെന്നാണ് കേസ്. തങ്ങൾ വഞ്ചിക്കപ്പെട്ടതായി കാട്ടി സ്ഥാപന ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തടികൾ കൊണ്ടുപോകാൻ പ്രത്യേക പാസിന്റെ ആവശ്യമില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു അഗസ്റ്റിൻ സഹോദരന്മാരുടെ വാദം. എന്നാൽ പ്രഥമദൃഷ്ട്യാ വഞ്ചനാക്കുറ്റം വ്യക്തമാണെന്നും ഐ.പി.സി 420-ാം വകുപ്പ് പ്രകാരം കേസ് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് മജിസ്ട്രേട്ട് കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഇവരുടെ ഹർജികൾ തള്ളുകയായിരുന്നു.

Also read: