‘ഉപദേശിക്കുന്നതിന് മുൻപ് ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യ് സാറേ’- കേരള പൊലീസിന്റെ പോസ്റ്റിനെ വിമർശിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ജാഗ്രത നിർദേശിച്ചുകൊണ്ട് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിന് താഴെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ. “സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം സത്യമാകണമെന്നില്ല, പ്രതികരിക്കും മുന്നേ ഒരു നിമിഷം ചിന്തിക്കൂ” എന്ന സന്ദേശത്തോടെ റിയൽ ലൈഫും റീൽ ലൈഫും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ചിത്രമാണ് പൊലീസ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചത്.
എന്നാൽ, ഈ പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനങ്ങളുമായാണ് ജനങ്ങൾ രംഗത്തെത്തിയത്. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ചുകൊല്ലുമെന്നും പെൺകുട്ടികളെയടക്കം അധിക്ഷേപിക്കുകയും ചെയ്ത ടി.ജി മോഹൻദാസിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഉപയോക്താക്കൾ ചോദിക്കുന്നു.
എ.വൈ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പത്ത് ദിവസം പിന്നിട്ടിട്ടും മോഹൻദാസിനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. വിവാദ വീഡിയോ ഇപ്പോഴും യൂട്യൂബിൽ തുടരുന്നുണ്ടെന്നും തുടർന്നും അദ്ദേഹം വീഡിയോകൾ ചെയ്യുന്നുണ്ടെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളും വർഗീയതയും നടത്തുന്നവർക്കെതിരെ ആദ്യം കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും, ജനങ്ങളെ ഉപദേശിക്കുന്നതിന് മുൻപ് ഇത്തരം ഗുരുതരമായ പരാതികളിൽ ശക്തമായ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും കമന്റുകളിൽ പറയുന്നു.