‘പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ല, ലൈക്കടിച്ചവരുടെയും പിന്നാലെയുണ്ട്’- എഡിജിപി
കണ്ണൂർ: പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്ന് എഡിജിപി പി. വിജയൻ. പോലീസിനെ വെല്ലുവിളിച്ചുവെന്നത് ആയങ്കിയുടെ തോന്നൽ മാത്രമാണെന്നും ഇത്തരക്കാർക്ക് ലഭിക്കുന്ന വീരപരിവേഷം താത്കാലികമായ ഷോ മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആയങ്കി ഒരുപരിധിവിട്ട് വളർന്നുവെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ നിയമപരമായി പൂട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരമാണ് തുടർനടപടികളുമായി മുന്നോട്ടുപോയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഒളിവിൽ പോയ ഇയാളെ പൂർണമായും നിയമം പാലിച്ചാണ് പിടികൂടിയത്. ഒളിവിൽ കഴിയുമ്പോൾ ലൊക്കേഷനുകൾ മാറിയെങ്കിലും പോലീസ് നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആയങ്കിയെ വെടിവെക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നും എഡിജിപി വ്യക്തമാക്കി.
പോലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെത്തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം വെല്ലുവിളികൾ ഉയർത്തുന്നവരും അതിന് ലൈക്കുകളിലൂടെയും കമൻ്റുകളിലൂടെയും പിന്തുണ നൽകുന്നവരും പോലീസിൻ്റെ നിരീക്ഷണത്തിലാണ്.
സോഷ്യൽ മീഡിയയിലൂടെ ബർത്ത്ഡേ പാർട്ടികളും മറ്റും ആഘോഷിച്ച് ‘ഹീറോയിസം’ കാട്ടി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനമുണ്ടാക്കാനും ഗുണ്ടകൾ ശ്രമിക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഒരു കാരണവശാലും അനുവദിക്കില്ലെന്നും എഡിജിപി മുന്നറിയിപ്പ് നൽകി. കുറ്റവാളികൾക്കെതിരെയുള്ള ‘ഓപ്പറേഷൻ ഗ്രിപ്പ്’ തുടർന്നും ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.