‘ആയങ്കിയുടെ ഫോൺ വരുന്നത് ജോർജിയയിൽ നിന്ന്; വിളി വൈഫൈ വഴി’; പൂട്ടാൻ പൊലീസിൻ്റെ ‘ഹ്യൂമൻ ലിങ്ക്’
കൊച്ചി: ഡിജിറ്റൽ സാങ്കേതികവിദ്യകളും ക്രിമിനൽ ബന്ധങ്ങളും ഉപയോഗിച്ച് പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി വലമുറുക്കി അന്വേഷണസംഘം. സൈബർ ലൊക്കേഷൻ പിന്തുടരുന്നതിന് പകരം ‘ഹ്യൂമൻ ലിങ്ക്’ അഥവാ മനുഷ്യവിഭവശേഷിയെ ആശ്രയിച്ചുള്ള പരമ്പരാഗത അന്വേഷണ രീതിയാണ് പൊലീസ് നിലവിൽ പ്രയോഗിക്കുന്നത്.
പൊലീസിൻ്റെ കണ്ണുവെട്ടിക്കാൻ വൻ സ്ട്രാറ്റജിയാണ് ആയങ്കി പുറത്തെടുക്കുന്നത്. സ്വന്തം സിം കാർഡുകൾക്ക് പകരം പൊതു വൈഫൈ, വിപിഎൻ, ടോർ നെറ്റ്‌വർക്ക്, അജ്ഞാതരുടെ ഫോണുകൾ എന്നിവ ഉപയോഗിച്ചാണ് ആശയവിനിമയം. സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ പ്രത്യേക ആളുകളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. വിദേശ ഐപി വിലാസങ്ങൾ (ഉദാഹരണത്തിന് ജോർജിയ) കാണിക്കുന്നതിനാൽ മെറ്റയിൽ നിന്നുള്ള വിവര ശേഖരണത്തിലെ അന്താരാഷ്ട്ര നിയമനടപടികളുടെ കാലതാമസവും ആയങ്കി മുതലെടുക്കുന്നു. സ്വർണം പൊട്ടിക്കൽ, കള്ളക്കടത്ത് എന്നിവ വഴി ഉണ്ടാക്കിയെടുത്ത വിപുലമായ ക്രിമിനൽ ബന്ധങ്ങളാണ് ഒളിത്താവളങ്ങൾ കണ്ടെത്താനും ഇടയ്ക്കിടെ വാഹനം മാറാനും ആയങ്കിയെ സഹായിക്കുന്നത്.
എന്നാൽ ഈ സൈബർ തന്ത്രങ്ങളെ പ്രതിരോധിക്കാൻ ആയങ്കിയുടെ കൂട്ടാളികളെ പൂട്ടുകയാണ് പൊലീസ് ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്ന് മൂന്നുപേർ, കൊച്ചിയിൽനിന്ന് രണ്ടുപേർ, മലപ്പുറത്തുനിന്ന് നാലുപേർ ഉൾപ്പെടെ ആയങ്കിയെ സഹായിച്ച 20-ലധികം സുഹൃത്തുക്കളെ വിവിധ സ്റ്റേഷനുകളിലായി പൊലീസ് കസ്റ്റഡിയിലെടുത്തു. 11 അംഗ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ആയങ്കി എത്താൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മലപ്പുറം എടപ്പാൾ വട്ടംകുളത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ആയങ്കിയെയും കൂട്ടാളികളെയും അവസാനമായി കണ്ടത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ആയങ്കി, കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ച് ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിനെ ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടുകയും പിന്നീട് പൊലീസിനെ വെല്ലുവിളിച്ച് പോസ്റ്റിടുകയുമായിരുന്നു. ആയങ്കി കീഴടങ്ങുന്നതിന് മുമ്പ് തന്നെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.