03/09/2026
[fontresizer_tawhidurrahmandear_widget]

‘ദാമോദര മേനോനെ സുകുമാര കുറുപ്പാക്കിയവരുടെ മൊഴിയെടുക്കും’; കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ്

 ‘ദാമോദര മേനോനെ സുകുമാര കുറുപ്പാക്കിയവരുടെ മൊഴിയെടുക്കും’; കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. അടുത്തിടെ പുറത്തുവന്ന ഫോട്ടോയിലുള്ളത് ദാമോദര മേനോനാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെ വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു. തൽക്കാലം വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ബ്രൂണെയിലെ വിവരങ്ങൾ അന്വേഷിക്കാൻ ഇന്റർപോളിന് നോട്ടീസ് നൽകണമോ എന്ന കാര്യത്തിൽ ഡിജിപിയുമായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. എന്നാൽ സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ തന്നെ അന്വേഷണ സംഘം ഉറച്ചുനിൽക്കുകയാണ്.

സുകുമാര കുറുപ്പിന് നിലവിൽ റെഡ് കോർണർ നോട്ടീസും വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നത് തടയാനുള്ള അറിയിപ്പും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രചരിച്ച ചിത്രത്തിലുള്ള വ്യക്തിയെക്കുറിച്ച് അന്വേഷിക്കാൻ ബ്രൂണെയിലേക്ക് പോകണോ എന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ ബന്ധുക്കളുടെ മൊഴിയെടുത്തും പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ചും ചിത്രം ദാമോദര മേനോന്റേതാണെന്ന് പൊലീസ് ഉറപ്പിച്ചു.

40-ാം വയസ്സിൽ കുറുപ്പ് ഹൃദ്രോഗിയായിരുന്നുവെന്ന് നഴ്‌സായ രത്നമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഹൃദ്രോഗിയായ കുറുപ്പ് അതിനുശേഷമുള്ള 40 വർഷം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കുറുപ്പിന്റെ ഭാര്യ അടക്കമുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴും കുറുപ്പുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് വ്യക്തമായി. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം കേസിൽ അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ആലോചന.

Also read: