യൂണിഫോമിന് പിരിച്ച 7 ലക്ഷം രൂപ ഓൺലൈൻ ഗെയിം കളിച്ചു; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ, പിരിച്ചുവിട്ടു
തിരുവനന്തപുരം: യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി റിക്രൂട്ട് ട്രെയിനികളിൽനിന്ന് പിരിച്ചെടുത്ത ഏഴ് ലക്ഷത്തോളം രൂപ ഓൺലൈൻ ഗെയിം കളിച്ച് നശിപ്പിച്ച സംഭവത്തിൽ പൊലീസ് ട്രെയ്‌നി അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട കെ.എ.പി 3 ബറ്റാലിയനിലെ ട്രെയ്‌നിയും കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ താമസക്കാരനുമായ ശംഭു ആർ. കൃഷ്ണനാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ പേരൂർക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇയാൾ പണം ഓൺലൈൻ ബെറ്റിങ് ഗെയിമുകളിൽ നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
യൂണിഫോം കാര്യങ്ങൾക്കായി രൂപീകരിച്ച ഏഴംഗ കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. എസ്.എ.പി, കെ.എ.പി 3, കെ.എ.പി 5 ബറ്റാലിയനുകളിലെ മറ്റ് റിക്രൂട്ട് ട്രെയിനികളിൽനിന്നാണ് യൂണിഫോമിനുള്ള തുക ഇയാൾ ശേഖരിച്ചത്. എന്നാൽ തുണി വാങ്ങിയ സ്ഥാപനങ്ങളിൽ ഇയാൾ പണം അടച്ചില്ല. ഇതോടെ മറ്റു ട്രെയിനികൾ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
നേരത്തെ ഐ.ആർ.ബിയിൽ ആയിരുന്നപ്പോഴും ശംഭു സമാനമായ രീതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു. അവിടെനിന്ന് രാജി വെച്ച ശേഷമാണ് ഇയാൾ കെ.എ.പി ബറ്റാലിയനിൽ പ്രവേശനം നേടിയത്.