‘അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ വരെയുണ്ട്; ലഹരിയുടെ വേരറുക്കും’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി നുകരുന്ന പാർലറുകൾ വരെയുണ്ടെന്നും ഇവയെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ കാലത്തിനനുസരിച്ച് ക്രൈം ഡിറ്റക്ഷൻ രീതികളിൽ മാറ്റം വരുത്തും. പൊലീസുകാരുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഷനുകളിൽ കേസുകൾ സമയബന്ധിതമായി തീർക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് ഓഡിറ്റ് നടപ്പാക്കും. കൂടാതെ, പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ നിയമപ്രശ്നങ്ങൾ പരിഹരിച്ച് അവ അടിയന്തരമായി മാറ്റും.
കാസർഗോഡ് ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് രണ്ട് പൊലീസുകാർക്ക് കാൽ മുറിച്ചുമാറ്റേണ്ടി വന്ന സാഹചര്യത്തിൽ, ജോലിക്കിടെ അപകടത്തിൽപ്പെടുന്ന പൊലീസുകാരെ സഹായിക്കാൻ പൊലീസ് മേധാവിക്ക് കീഴിൽ പ്രത്യേക നിധി രൂപീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.