ചരിത്രത്തിൽ ആദ്യമായി പോർച്ചുഗലിനായി റെഡ് കാർഡ്; ലോകകപ്പ് മത്സരം നഷ്ടമാകും
ലിസ്ബൺ: ലോക ഫുട്‌ബോളിലെ റെക്കോർഡ് കുറിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ചുവപ്പ് കാർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണു സംഭവം. പോർച്ചുഗൽ 2-0ന് പരാജയപ്പെട്ട മത്സരത്തില്‍ ലഭിച്ച ചുവപ്പു കാര്‍ഡ് ക്രിസ്റ്റ്യാനോയ്ക്ക് തിരിച്ചടിയാകും. ഒരുപക്ഷേ, ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരങ്ങളില്‍ താരത്തിനു പുറത്തിരിക്കേണ്ടിവരും.
മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അയർലൻഡ് ഡിഫൻഡർ ഡാര ഒഷിയയെ പന്തിൽ നിന്ന് തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ ക്രിസ്റ്റ്യാനോ തന്റെ കൈമുട്ട് ഉപയോഗിച്ചു എന്നാണ് ആരോപണം. ഇതിനുപിന്നാലെ റഫറി ആദ്യം മഞ്ഞക്കാർഡ് നൽകി. എന്നാൽ, വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (VAR) ഇടപെടലിനെ തുടർന്ന് റഫറി പിച്ച്‌സൈഡ് മോണിറ്ററിൽ സംഭവം പുനഃപരിശോധിക്കുകയും മഞ്ഞക്കാർഡ് ചുവപ്പ് കാർഡായി ഉയർത്തുകയും ചെയ്തു.
226-ാമത്തെ അന്താരാഷ്ട്ര മത്സരത്തിലാണ് കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ ഇറങ്ങിയത്. പുരുഷ അന്താരാഷ്ട്ര ഫുട്‌ബോളിൽ ഇത് റെക്കോര്‍ഡാണ്. മത്സരത്തില്‍ പോർച്ചുഗല്‍ കുപ്പായത്തിലെ ആദ്യ ചുവപ്പ് കാർഡും താരത്തിനു ലഭിച്ചു. ക്ലബ് തലത്തിൽ ഇതുവരെ 13 ചുവപ്പ് കാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഫിഫയുടെ അച്ചടക്ക നിയമങ്ങൾ അനുസരിച്ച്, ക്രിസ്റ്റ്യാനോയുടെ ഈ പ്രവൃത്തി ഗുരുതരമായ പെരുമാറ്റമായി കണക്കാക്കിയാൽ കടുത്ത വിലക്ക് നേരിടേണ്ടി വരും. ഇതിന് കുറഞ്ഞത് രണ്ട് മത്സരങ്ങളിൽ നിന്നാണ് വിലക്ക് ലഭിക്കുക. അക്രമാസക്തമായ പെരുമാറ്റം, കൈമുട്ടുള്ള ആക്രമണം എന്നിവയ്ക്ക് കുറഞ്ഞത് മൂന്ന് മത്സരങ്ങളിൽ വിലക്ക് ബാധകമായേക്കാം.
ലോകകപ്പിന് മുന്നോടിയായുള്ള പ്രദർശന മത്സരങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല. ഫിഫയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും 2026 ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിക്കുമോ എന്നതിൽ വ്യക്തത വരിക.
നിലവിൽ ഗ്രൂപ്പ് എഫിൽ പോർച്ചുഗൽ 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഞായറാഴ്ച അർമേനിയയെ പോർച്ചുഗൽ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ വിജയിച്ചാൽ പോർച്ചുഗലിന് ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കാനാകും. ചുവപ്പ് കാർഡ് കാരണം ക്രിസ്റ്റ്യാനോയ്ക്ക് ഈ നിർണായക മത്സരവും നഷ്ടമാകും.