ജ്യൂസ് കടകള്‍ക്ക് പുതിയ കര്‍ശന നിയന്ത്രണങ്ങള്‍; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സൗദിയുടെ പുതിയ നിര്‍ദേശം
റിയാദ്: ജ്യൂസ് കടകളുടെയും കിയോസ്‌കുകളുടെയും പ്രവര്‍ത്തനത്തിന് പുതിയ കര്‍ശന നിയന്ത്രണം പുറത്തിറക്കി സൗദി മുനിസിപ്പാലിറ്റിയും ഭവന മന്ത്രാലയവും. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും തയ്യാറാക്കല്‍, സംഭരണം, വിളമ്പല്‍ മേഖലകളില്‍ ശുചിത്വനിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം.
അംഗീകൃത വാണിജ്യ മേഖലകളിലോ നിലവിലുള്ള വ്യാപാര കേന്ദ്രങ്ങളിലോ മാത്രമേ ജ്യൂസ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പ്രവേശന കവാടങ്ങള്‍ക്കും തിരക്കേറിയ സ്ഥലങ്ങള്‍ക്കും ആറു മീറ്ററില്‍ താഴെ ദൂരത്ത് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു.
മാളുകളുടെ പാര്‍ക്കിംഗ് മേഖലകളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ അനുമതി നിര്‍ബന്ധമാണ്. ജ്യൂസ് തയ്യാറാക്കല്‍, സംഭരണം, വിളമ്പല്‍ എന്നിവയ്ക്കായി വ്യക്തമായ വേര്‍തിരിച്ച പ്രവര്‍ത്തന മേഖലകള്‍ ഒരുക്കണം. ഉല്‍പ്പന്നങ്ങള്‍, ചേരുവകള്‍, അലര്‍ജി സാദ്ധ്യതകള്‍ എന്നിവയുടെ വ്യക്തമായ പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും തയ്യാറാക്കുന്ന സമയം, ഉപയോഗിക്കുന്ന ഘടകങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ പാനീയങ്ങള്‍ വിളമ്പുന്നത് നിരോധിച്ചിരിക്കുകയാണ്.
ശുപാര്‍ശ ചെയ്യുന്ന റഫ്രിജറേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം എസ്എഫ്ഡിഎ നിലവാരമനുസരിക്കാത്ത ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനോ വില്‍ക്കാനോ പാടില്ല. ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉറപ്പാക്കുകയും ഏകീകൃത സൗദി ബിസിനസ് സെന്റര്‍ ക്യൂആര്‍ കോഡ്, വ്യക്തമായ വിലപട്ടിക എന്നിവ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. ജ്യൂസ് കടകളില്‍ ആരോഗ്യ അവബോധ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുകയും മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സുരക്ഷിതമായ മാലിന്യ പാത്രങ്ങള്‍ ഉപയോഗിക്കുകയും വേണം. പൊതുജനാരോഗ്യവും സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി വാണിജ്യസേവന മേഖലയിലെ മുനിസിപ്പല്‍ ആവശ്യകതകള്‍ പുതുക്കിക്കൊണ്ടിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.